രാഹുൽ വിവാഹത്തട്ടിപ്പുകാരൻ? പരാതിയുമായി യുവതികൾ; മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ വിവാഹത്തട്ടിപ്പ് വീരനാണെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യാത്വം ചൂണ്ടി കാണിച്ചാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പരാതി. ഒടുവിൽ രജിസ്റ്റർ ചെയ്ത യുവതി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ ഗാർഹിക പീഡനക്കേസിൽ യുവതിയുടെ കുടുംബം വനിത കമ്മീഷനും ആലുവ റൂറൽ എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. രാഹുലിന്റെ അമ്മക്ക് എതിരെയും കേസെടുക്കണം എന്നാണ് യുവതിയുടെ മാതാവിന്റെ ആവശ്യം. രാഹുലിന്റെ അമ്മയും കേസിലെ പ്രധാന കണ്ണിയാണെന്ന് ഇവർ ആരോപിക്കുന്നുണ്ട്. വീണ്ടും മൊഴി എടുക്കാൻ എത്തുമെന്ന് പൊലീസ് അറിയിച്ചെങ്കിലും എത്തിയിട്ടില്ലെന്നും പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് പൊലീസ് ഒരുക്കുകയാണ് എന്നും മാതാവ് ആരോപിക്കുന്നു.

അതിനിടെ പന്തീരങ്കാവ് സി.ഐ തന്നോട് പെരുമാറിയത് നല്ല രീതിയിൽ അല്ലെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. അത്തരം പെരുമാറ്റം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. പൊലീസ് സംരക്ഷിക്കേണ്ടത് ഇരയായവരെയാണ്. നീതി ലഭിക്കും വരെയും നിയമ പോരാട്ടം തുടരുമെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

ഇപ്പോൾ രാഹുൽ വിദേശത്തേക്ക് കടന്നതയാണ് വിവരങ്ങൾ പുറത്തുവരുന്നത്.

pathram:
Related Post
Leave a Comment