50 ബന്ദികളെ വിട്ടയക്കും,​ 4 ദിവസം വെടിനിർത്തൽ,​ ഖത്തറിന്റെ മധ്യസ്ഥതയിൽ ചർച്ച

ജറുസലം: താൽക്കാലിക വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അനുമതി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ്, വെടിനിർത്തൽ കരാറിനു വഴിതെളിഞ്ഞത്. ഇതനുസരിച്ച്, 50 ബന്ദികളെ വിട്ടയ്ക്കാൻ ധാരണയായി. ഇതിനായി നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത്. ഇക്കാര്യം വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവന പുറത്തിറക്കി. അതേസമയം, യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ കസ്റ്റഡിയിലുള്ള 150 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചേക്കുമെന്നാണ് വിവരം.

‘‘എല്ലാ ബന്ദികളെയും നാട്ടിൽ തിരികെയെത്തിക്കാൻ ഇസ്രയേൽ ഭരണകൂടം കടപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ പടിയെന്ന നിലയിൽ, താൽക്കാലിക വെടിനിർത്തലിന് സർക്കാർ അനുമതി നൽകുന്നു. ഇതുപ്രകാരം, ആദ്യ ഘട്ടത്തിൽ നാലു ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. ഈ ഘട്ടത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകും.

‘‘ഇവർക്കു പുറമേ ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും, വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് തീരുമാനം. എല്ലാ ബന്ദികളെയും രാജ്യത്തു തിരിച്ചെത്തിക്കാനും ഹമാസിനെ സമ്പൂർണമായി ഉൻമൂലനം ചെയ്യാനും ഗാസയിൽനിന്ന് ഇനി മേലാൽ യാതൊരുവിധ ഭീഷണിയും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേൽ സർക്കാരും സൈന്യവും സുരക്ഷാ സംവിധാനവും പോരാട്ടം തുടരും.’’ – ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.

ഇസ്രയേലുമായി വെടിനിർത്തൽ കരാറിന് അടുത്തെത്തിയതായി ഹമാസ് മേധാവി ഇസ്മായിൽ ഹനിയ വ്യക്തമാക്കിയിരുന്നു. ബന്ദികളെ മോചിപ്പിച്ചുകൊണ്ടുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ അന്തിമഘട്ടത്തിലാണെന്നു ഖത്തർ അധികൃതരും സൂചിപ്പിച്ചു. വെടിനിർത്തൽ ചർച്ച സംബന്ധിച്ച് ഇസ്രയേൽ പൊതുവേ പ്രതികരിക്കാറില്ലെങ്കിലും ധാരണയോടടുക്കുകയാണെന്നു സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അവിടത്തെ 12 ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ്, താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകിയത്. ഒക്ടോബർ 7 നു തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് 240 പേരെയാണു ബന്ദികളാക്കിയത്.

അതിനിടെ, സെൻട്രൽ ഗാസയിലെ നുസുറത്ത് അഭയാർഥിക്യാംപിൽ അർധരാത്രി ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻഗാസയിൽനിന്നു പലായനം ചെയ്യുന്നവർ ആദ്യമെത്തുന്നത് ഈ ക്യാംപിലാണ്. കഴിഞ്ഞ ദിവസം ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ട ഇന്തൊനീഷ്യൻ ആശുപത്രിയിൽ 60 രോഗികളുടെ മൃതദേഹങ്ങൾ മറവു ചെയ്യാനാവാതെ വളപ്പിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ‘രോഗികൾക്കു നൽകാൻ ഓക്സിജൻ ഇല്ല. മറ്റ് ചികിത്സാസംവിധാനങ്ങളും നിലച്ചു. ഇത് ഇപ്പോൾ ആശുപത്രിയല്ല, സെമിത്തേരിയാണ്’– ആശുപത്രിയിലെ ചികിത്സാവിഭാഗം മേധാവി ഇസം നഭാൻ പറഞ്ഞു.

വടക്കൻ ഗാസയിലെ എല്ലാ ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ ആശുപത്രികളിൽനിന്നു രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ 13,300 പലസ്തീൻകാർ കൊല്ലപ്പെട്ടു.

#Israel #GazaUnderAttack #WorldNews

pathram desk 1:
Leave a Comment