തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

രജനികാന്ത്-ജ്ഞാനവേല്‍ ചിത്രത്തിന്റെ താരനിരയേക്കുറിച്ചുള്ള തുടരെത്തുടരെയുള്ള അപ്‌ഡേറ്റുകളാണ് രണ്ടുദിവസമായി വന്നുകൊണ്ടിരിക്കുന്നത്. മൂന്നുപേരുടെ വിവരങ്ങളാണ് ചൊവ്വാഴ്ച പുറത്തുവന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യര്‍, ദുഷാരാ വിജയന്‍, റിതിക സിംഗ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലുണ്ടാവും.

32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നത്. 1991-ല്‍ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. തെലുങ്കില്‍ പ്രഭാസ് നായകനാവുന്ന പ്രോജക്റ്റ് കെയിലും അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നുണ്ട്. അതേസമയം ഫഹദ് ഫാസിലും റാണയും രജനികാന്തിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്.

മഞ്ജു വാര്യര്‍, ദുഷാരാ വിജയന്‍, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇവരുടെ പോസ്റ്ററുകള്‍ ലൈക്ക പ്രൊഡക്ഷന്‍സ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

അതേസമയം ഈ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനികാന്ത് തിരുവനന്തപുരത്തെത്തി. നല്ല സന്ദേശം ഉള്‍ക്കൊള്ളുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് ചെന്നൈയില്‍ നിന്ന് പുറപ്പെടുംമുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അനിരുദ്ധ് ആണ് തലൈവര്‍ 170-യുടെ സംഗീതസംവിധാനം.

pathram desk 1:
Related Post
Leave a Comment