വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ജയിലിലായ കേസില്‍ ജാമ്യത്തിലിറങ്ങി; പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് അധ്യാപിക വീണ്ടും അറസ്റ്റില്‍

ടെന്നസി: വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങി പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് യുഎസില്‍ അധ്യാപിക വീണ്ടും അറസ്റ്റിലായി. യുഎസില്‍ ടെന്നസിയില്‍ ചാര്‍ജര്‍ അക്കാദമിയിലെ മുന്‍ അധ്യാപിക അലീസ മക്കോമന്‍ (38) ആണ് അറസ്റ്റിലായത്. ഇവര്‍ പന്ത്രണ്ടുകാരനായ വിദ്യാര്‍ഥിയെയാണു പീഡിപ്പിച്ചത്. ഇവര്‍ ജാമ്യത്തിലിറങ്ങിയശേഷം ഇരയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് കോവിങ്ടന്‍ പൊലീസ് വിഭാഗം പറഞ്ഞു.

വിദ്യാര്‍ഥിയെ പീഡിപ്പിച്ചതിന് രണ്ടു കുട്ടികളുടെ അമ്മയായ അലീസ മക്കോമന്‍ സെപ്റ്റംബര്‍ എട്ടിനാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് സ്വന്തം മക്കളൊഴികെ ഇരയുമായോ മറ്റുവിദ്യാര്‍ഥികളുമായോ യാതൊരുവിധ ബന്ധവും പാടില്ലെന്ന വ്യവസ്ഥയില്‍ ഇവര്‍ക്കു ജാമ്യം ലഭിക്കുകയായിരുന്നു. ഇതിനുശേഷം ഇവര്‍ രഹസ്യനമ്പരില്‍നിന്ന് ഇരയെ ബന്ധപ്പെട്ടതായി സിഐഡി വിഭാഗത്തിനു പരാതി ലഭിച്ചു. ഇവര്‍ വിദ്യാര്‍ഥിക്ക് അറിയുന്ന രഹസ്യകോഡ് ഉപയോഗിച്ച് ഫോണില്‍ സന്ദേശം അയയ്ക്കുകയായിരുന്നു. മുന്‍പ് ഇതേതരത്തില്‍ രഹസ്യകോഡ് ഉപയോഗിച്ചാണ് വീട്ടില്‍ ആരുമില്ലെന്നടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ മനസ്സിലാക്കിയിരുന്നത്. അതിനുശേഷം സമൂഹമാധ്യമം വഴി വിദ്യാര്‍ഥിക്ക് നഗ്‌നചിത്രങ്ങളും കൈമാറിയിരുന്നു.

ജാമ്യത്തിലിറങ്ങിയശേഷം ‘നീ ചെയ്ത കുറ്റത്തിന് പശ്ചാത്തപിക്കും’ എന്ന സന്ദേശമാണ് വിദ്യാര്‍ഥിക്ക് അലീസ അയച്ചത്. ഇരയെ ഭീഷണിപ്പെടുത്തിയതിനും പിന്തുടര്‍ന്നതിനും ശല്യം ചെയ്തതിനുമടമുള്ള വകുപ്പുകള്‍ ചുമത്തിയതായി കോവിങ്ടന്‍ പൊലീസ് മേധാവി ഡോണ ടര്‍ണര്‍ പറഞ്ഞു. പുതിയ പരാതി ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

ഇതിനിടെ ഇവരെ ടിപ്ടണ്‍ കൗണ്ടി ജയിലിലേക്കു മാറ്റി. പീഡന പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ഇവരെ ജോലിയില്‍നിന്ന് ചാര്‍ജര്‍ അക്കാദമി മാറ്റിനിര്‍ത്തിയിരുന്നു. പിന്നീട് നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. വിഡിയോ ഗെയിംകളിച്ച് വിദ്യാര്‍ഥികളുമായി ബന്ധം സ്ഥാപിച്ചെന്നും പിന്നീട് സമൂഹമാധ്യമങ്ങള്‍ വഴി നഗ്‌നചിത്രങ്ങള്‍ അയച്ചെന്നും നിരവധി വിദ്യാര്‍ഥികളാണു പരാതിപ്പെട്ടത്. ഈ സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment