കുടുംബാംഗങ്ങളായ 6 പേർക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; വയറ്റിലെ അസുഖത്തിന് ഹൃദ്രോഗ ചികിത്സാ സഹായം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് ധനസഹായം ലഭിക്കാന്‍ ഇടയായ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകും. ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്. അറിയിച്ചു.

അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആരംഭിച്ച പരിശോധന താലൂക്ക് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും പുരോഗമിക്കുകയാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്തിയ തുടര്‍ പരിശോധനയിലും വിജിലന്‍സ് വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കരോട് സ്വദേശിയായ ഒരാള്‍ മുഖേന നെയ്യാറ്റിന്‍കര താലൂക്കിലെ ഇരുപതില്‍ അധികം പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പണം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

മാറനല്ലൂര്‍ സ്വദേശിയായ ഒരാള്‍, അപ്പെന്‍ഡിസൈറ്റിസ് രോഗത്തിന് ഒരുദിവസം മാത്രം ചികിത്സ തേടിയ രേഖയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് ധനസഹായം നേടിയിട്ടുണ്ട്. വര്‍ക്കല താലൂക്ക് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആറ് അപേക്ഷ അയച്ചതായും തുടര്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം കരുനാഗപ്പള്ളി താലൂക്കില്‍ നടത്തിയ പരിശോധനയില്‍ 18 അപേക്ഷകളില്‍ 13 എണ്ണത്തിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത് കരുനാഗപ്പള്ളി നെഞ്ച് ആശുപത്രിയിലെ ഡോക്ടറാണ്. ഇതില്‍ ആറു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു വീട്ടിലെ അംഗങ്ങള്‍ക്കും രണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റൊരു വീട്ടിലെ അംഗങ്ങള്‍ക്കുമാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. തൊടിയൂര്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച പല അപേക്ഷകളിലും ഒരേ കയ്യക്ഷരമാണ്. അതിനാല്‍ ഇടനിലക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിജിലന്‍സ് സംശയിക്കുന്നുണ്ട്.

പത്തനംതിട്ട ജില്ലയില്‍ നടത്തിയ തുടര്‍ പരിശോധനയില്‍ പല അപേക്ഷകളിലും രേഖകള്‍ അപൂര്‍ണമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോഴഞ്ചേരി താലൂക്കില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്. ചിലര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് രണ്ടുവര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പേ വീണ്ടും ധനസഹായം നല്‍കിയിട്ടുണ്ട്. ഏനാദിമംഗലം വില്ലേജില്‍ 61 അപേക്ഷകളില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ തന്നെ രേഖപ്പെടുത്തിയതായും വിജിലന്‍സ് കണ്ടെത്തി. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

ഭാവിയില്‍ അനര്‍ഹര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ലഭിക്കുന്നത് ഒഴിവാക്കാന്‍ ഓരോ ആറുമാസത്തില്‍ ഒരിക്കൽ ഓഡിറ്റ് നടത്താന്‍ ആവശ്യപ്പെടുമെന്നും മനോജ് ഏബ്രഹാം അറിയിച്ചു. കൂടാതെ, ദുരിതാശ്വാസ ഫണ്ടിലേക്കുള്ള അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനായി എല്ലാ കളക്ടറേറ്റിലും ഒരു സ്‌പെഷല്‍ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്താനും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുംദിവസങ്ങളിലും പരിശോധന നടത്തും. മാത്രമല്ല ഫണ്ട് അനര്‍ഹര്‍ക്ക് ലഭിക്കാന്‍ സാഹചര്യം ഒരുക്കിയ ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, ഏജന്റുമാര്‍ തുടങ്ങിയവരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മനോജ് ഏബ്രഹാം അറിയിച്ചു.

pathram:
Leave a Comment