ബിരിയാണിയില്‍ പഴുതാര, അടുക്കളയില്‍ എലിയും എലിക്കാഷ്ഠവും; ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു

കൊച്ചി: മട്ടാഞ്ചേരി കായിയാസ് ഹോട്ടലില്‍ ബിരിയാണിയില്‍നിന്ന് പഴുതാരയെ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചപ്പോഴാണിത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യങ്ങളും പരിശോധനയില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു.

ഹോട്ടലിന്റെ അടുക്കളയില്‍ നടത്തിയ പരിശോധനയില്‍ എലികളെയും എലിക്കാഷ്ഠവും കണ്ടെത്തി. മികച്ച വില്‍പന നടക്കുന്ന പല ഹോട്ടലുകളുടെയും പേരില്‍നിന്നും ചെറിയ വ്യത്യാസങ്ങള്‍ വരുത്തി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ എറണാകുളം ജില്ലയില്‍ സാധാരണമാണ്. എന്നാല്‍, ഇവയില്‍ പലതിലും ഗുണനിലവാരമില്ലാത്ത ഭക്ഷണും വൃത്തിഹീനമായ സാഹചര്യങ്ങളുമാണ്.

കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കുമെന്നാണ് കരുതുന്നത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് കാസര്‍കോട് സ്വദേശി അഞ്ജുശ്രീ പാര്‍വ്വതി ശനിയാഴ്ച രാവിലെ മരിച്ചിരുന്നു. കാസര്‍കോട് അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍നിന്നാണ് അനുശ്രീ കുഴിമന്ത്രി കഴിച്ചത്. കോട്ടയം സംക്രാന്തിയില്‍ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍നിന്ന് വരുത്തിച്ച അല്‍ഫാം കഴിച്ച് നഴ്‌സായ രശ്മി മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

pathram:
Related Post
Leave a Comment