തോറ്റാല്‍ അര്‍ജന്റീന ലോകകപ്പിന് പുറത്ത് ;അര്‍ജന്റീനയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം

ദോഹ: അപ്രതീക്ഷിതമായിരുന്നു ആ ആഘാതം. ലോകകപ്പ് ഫുട്‌ബോളിലെ ആദ്യകളിയില്‍ സൗദി അറേബ്യയോടേറ്റ തോല്‍വിയും ടീം കളിച്ച രീതിയും അര്‍ജന്റീനാ ടീമിനെ അത്രയേറെ ഉലച്ചിട്ടുണ്ട്. കണക്കുകൂട്ടിയും കിഴിച്ചും രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനുവേണ്ടത് ജയം. മെക്‌സിക്കോയാണ് എതിരാളി. ശനിയാഴ്ച രാത്രി 12.30നാണ് കിക്കോഫ്.

ഗ്രൂപ്പ് സിയിലെ ഇനിയുള്ള രണ്ടു മത്സരങ്ങളിലും അര്‍ജന്റീനയ്ക്ക് ജയിക്കേണ്ടതുണ്ട്. ആദ്യമത്സരത്തില്‍ സൗദിയില്‍നിന്നേറ്റ തോല്‍വി ടീമിന് അത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മെക്‌സിക്കോയ്ക്ക് പുറമേ പോളണ്ടുമായാണ് ടീമിന് മത്സരമുള്ളത്.

മെക്‌സിക്കോക്കെതിരേ ജയിച്ചാല്‍ ടീമിന്റെ നോക്കൗട്ട് സാധ്യത നിലനില്‍ക്കും. തോല്‍വിയോ സമനിലയോ ആണെങ്കില്‍ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സാധ്യതകള്‍. സമനിലയാണെങ്കില്‍ വിദൂര സാധ്യത അവശേഷിക്കും. പക്ഷെ മെക്‌സികോയോട് ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടാകില്ല അര്‍ജന്റീന ഇറങ്ങുക.

ആദ്യ മത്സരത്തിലെ നിറം മങ്ങിയ പ്രകടനത്തെ മറന്ന് പുത്തന്‍ ഉണര്‍വ് സമ്മാനിക്കാന്‍ എന്ത് തന്ത്രമാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി ഒരുക്കുകയെന്നതും കാത്തിരുന്ന് കാണണം. അപരാജിതരായി 36 മത്സരങ്ങള്‍ പിന്നിട്ട് ഖത്തറിലെത്തിയ ടീമിനെ ചില താരങ്ങളുടെ പരിക്കും അലട്ടുന്നുണ്ട്.

മെക്‌സികോയെ ചെറിയ എതിരാളികളായി കാണാന്‍ അര്‍ജന്റീന തയ്യാറാകില്ല. ഒട്ടാമെന്‍ഡിയുടെ നേതൃത്വത്തിലുള്ള പ്രതിരോധവും മധ്യനിരയില്‍ റോഡ്രിഗോ ഡി പോളും ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇനിയുള്ള മത്സരങ്ങള്‍ ഫൈനല്‍പോലെ കണ്ട് എല്ലാം നല്‍കുമെന്ന ലൗട്ടാരോ മാര്‍ട്ടീനസിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമാണ്.

pathram:
Leave a Comment