അര്‍ജന്റീന ലോകകപ്പ് ടീമില്‍ മാറ്റമുണ്ടാകുമെന്ന് പരിശീലകന്‍, പുറത്തേയ്ക്ക് പോകുന്നത് ആരാകും?

ദോഹ: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീന ടീമില്‍ മാറ്റമുണ്ടാകുമെന്ന് അറിയിച്ച് പരിശീലകന്‍ ലയണല്‍ സ്‌കലോണി. ചില താരങ്ങള്‍ പൂര്‍ണമായും ശാരീരികക്ഷമത തെളിയിക്കാത്തതിനെത്തുടര്‍ന്നാണ് പരിശീലകന്‍ ഇക്കാര്യമറിയിച്ചത്.

ശാരീരികക്ഷമത തെളിയിക്കാത്ത താരങ്ങളെ ഇന്നലെ നടന്ന യു.എ.ഇയ്‌ക്കെതിരായ സൗഹൃദമത്സരത്തില്‍ സ്‌കലോണി അര്‍ജന്റീന ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. മത്സരത്തില്‍ അര്‍ജന്റീന 5-0 ന്റെ കൂറ്റന്‍ വിജയം നേടിയെങ്കിലും പ്രമുഖതാരങ്ങളുടെ പരിക്ക് ടീമില്‍ ആശങ്ക പരത്തുന്നു.

പ്രതിരോധത്തിലെ സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ റൊമേറോ ടീമില്‍ നിന്ന് പുറത്താകുമോ എന്നതാണ് ആരാധകര്‍ ആശങ്കയോടെ നോക്കുന്നത്‌. യു.എ.ഇയ്‌ക്കെതിരായ മത്സരത്തില്‍ റൊമേറോ ടീമിലിടം നേടിയിരുന്നില്ല. റൊമേറോയെക്കൂടാതെ മുന്നേറ്റതാരങ്ങളായ നിക്കോളാസ് ഗോണ്‍സാലസ്, അലക്‌സാണ്ട്രോ ഗോമസ്, പൗലോ ഡിബാല എന്നിവരും മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല.

‘ ഇവരെല്ലാവരും ടീമില്‍ നിന്ന് പുറത്തായെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ചില താരങ്ങള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് അവരെ യു.എ.ഇയ്‌ക്കെതിരായ മത്സരത്തില്‍ പുറത്തിരുത്തിയത്. കളിച്ചിരുന്നെങ്കില്‍ അവരുടെ പരിക്ക് ഗുരുതരമായേനേ’- സ്‌കലോണി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

ആദ്യ മത്സരത്തിന് 24 മണിക്കൂര്‍ മുന്‍പ് വരെ ടീമിലെ താരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അനുമതി ഫിഫ എല്ലാ രാജ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. നവംബര്‍ 22 നാണ് അര്‍ജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യയാണ് ടീമിന്റെ എതിരാളി.

pathram:
Leave a Comment