സരോജിനിയുടെ മരണത്തിലും ദുരൂഹത, ‘ശ്രീദേവി’യുമായി അടുപ്പം പുലര്‍ത്തിയവരെ തേടി പോലീസ്

പത്തനംതിട്ട: ഇരട്ട നരബലിയുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുന്നതിനിടെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു മരണത്തിലും ദുരൂഹത വര്‍ധിക്കുന്നു. ഇലവുംതിട്ട പൈവഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സരോജിനിയുടെ ശരീരത്തില്‍ 27 മുറിവുകളാണ് ഉണ്ടായിരുന്നത്. 2014 സെപ്റ്റംബര്‍ 14നാണ് ഈ മരണം സംഭിച്ചത്. ശരീരത്തിലേറ്റ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. ഇരട്ട നരബലി നടന്ന വീട്ടില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് സരോജിനിയുടെ വീട്. കാരംവേലില്‍ പതാലില്‍ കോളനി നിവാസിയായിരുന്നു സരോജിനി.

വീട്ടുജോലിക്ക് പോകുന്നയാളായിരുന്നു സരോജിന്. സെപ്റ്റംബര്‍ 11ന് വീട്ടില്‍ നിന്ന് ജോലിക്ക് പോയ സരോജിനി തിരികെ വന്നില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കുളനട-ആറന്‍മുള റൂട്ടിലെ പതാലില്‍ എന്ന സ്ഥലത്താണ് ശരീരത്തില്‍ നിരവധി മുറിവുകളുമായി ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കനാലിനടുത്തായി കൊന്ന് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഒറ്റ നോട്ടത്തില്‍ തന്നെ ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. പന്തളം പോലീസാണ് കേസ് അന്വേഷിച്ചത്.

രക്തം വാര്‍ന്ന് മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കുളിപ്പിച്ച ശേഷം ചാക്കില്‍ കെട്ടിയതായിരുന്നുവെന്ന് വസത്രധാരണത്തില്‍ നിന്ന് വ്യക്തമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ ജോലി ചെയ്തിരുന്ന വീടുകളിലെ ഗൃഹനാഥന്‍മാരേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഇവരുടെ വീടിന് സമീപത്തുള്ള പുരുഷന്‍മാരേയും പോലീസും പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ചോദ്യം ചെയ്‌തെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല.

രക്തം വാര്‍ന്നു മരിച്ചുവെന്നത് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സരോജിനിയും നരബലിക്ക് ഇരയായോയെന്ന സംശയമാണ് ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്. അതേസമയം കൂടുതല്‍ ആളുകള്‍ നരബലിക്ക് ഇരയായിട്ടുണ്ടോയെന്ന അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ശ്രീദേവി എന്ന പേരിലെ വ്യാജ അക്കൗണ്ട് വഴി ഷാഫി അടുപ്പം പുലര്‍ത്തിയിരുന്നവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ശ്രീദേവി എന്ന അക്കൗണ്ട് വഴിയാണ് ഷാഫി ഭഗവല്‍ സിങ്ങുമായി അടുപ്പം തുടങ്ങിയത്. ഇതേ രീതിയില്‍ മറ്റെവിടെയെങ്കിലും സമാനമായ കൃത്യം നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പോലീസ് പരിശോധിക്കുന്നത്. പോലീസ് ക്ലബ്ബില്‍ എത്തിച്ച് ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവരെ ചോദ്യം ചെയ്യും. ഇലന്തൂരിലെ സംഭവം നടന്ന വീട്ടിലും പ്രതികളെ എത്തിക്കും. ഷാഫിയെ എറണാകുളം കേന്ദ്രീകരിച്ചും തെളിവെടുപ്പിനായി കൊണ്ടുപോയേക്കും.

pathram:
Leave a Comment