നരബലിക്കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍; വിഷാദരോഗിയെന്ന് ലൈല, അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസ്

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഒക്ടോബര്‍ 26 വരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. മറ്റൊരു പ്രതിയായ ലൈലയെ വനിതാ ജയിലിലേക്കും കൊണ്ടുപോയി.

നരബലിക്കേസില്‍ പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പറഞ്ഞിരുന്നത്. പദ്മ എന്ന സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ രക്തം ഊറ്റിയെടുത്തെന്നും മൃതദേഹം 56 കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റോസിലിനെ കൊലപ്പെടുത്തിയതിന്റെ വിവരങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, വിഷാദരോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. കോടതിയില്‍വെച്ച് പ്രതിഭാഗം അഭിഭാഷകനും പോലീസും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. പ്രതികളെ നേരിട്ടുകണ്ട് സംസാരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പോലീസും അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടായത്. പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് എറണാകുളം സെന്‍ട്രല്‍ അസി. കമ്മീഷണര്‍ സി.ജയകുമാര്‍ കോടതിയില്‍ പരാതിപ്പെട്ടു. ഇതോടെ വിഷയത്തില്‍ ഇടപെട്ട കോടതി, പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ പ്രതികളുമായി സംസാരിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശം നല്‍കി.

pathram:
Leave a Comment