ഗവര്‍ണര്‍ ‘ഹവാല കേസിലെ മുഖ്യപ്രതി, ഏറ്റവും കൂടുതല്‍ പണം വാങ്ങിയ നേതാവ്’; സിപിഎം മുഖപത്രം

തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ സിപിഎം മുഖപത്രം ദേശാഭിമാനി. ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയജീവിതത്തില്‍ അഴിമതി ആവോളമുണ്ടെന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സിപിഐ മുഖപത്രമായ ജനയുഗത്തിലും ഗവര്‍ണര്‍ക്കെതിരേയുളള ലേഖനമുണ്ട്. ഗവര്‍ണര്‍ മനോനില തെറ്റിയത് പോലെ പെരുമാറുന്നുവെന്നാണ് ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ജയിന്‍ ഹവാല കേസിലെ മുഖ്യപ്രതിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. 7.63 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത്. അതിന്റെ എല്ലാ രേഖകളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഹവാല ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉള്‍പ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് ദേശാഭിമാനിയിലെ ഒരു ലേഖനം പറയുന്നു.

എന്നും പദവിക്ക് പിന്നാലെ പോയ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടുകള്‍ വിറ്റാണ് ബിജെപിയിലെത്തിയതെന്നാണ് മറ്റൊരു ലേഖനത്തിലെ പരാമര്‍ശം. 1998ല്‍ ലോക്‌സഭയില്‍ ബിജെപിക്കും വാജ്‌പേയിക്കുമെതിരേ ഗുരുതരമായ ആരോപണമുന്നയിച്ച് കോലാഹാലം ഉണ്ടാക്കിയ അന്നത്തെ ബിഎസ്പി എംപിയായിരുന്ന അതേ ആരിഫ് മുഹമ്മദ് ഖാനാണ് ഇന്ന് ബിജെപി സര്‍ക്കാരിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സര്‍ക്കാരിനെതിരെ അസംബന്ധയുദ്ധം നയിക്കുന്നതെന്നാണ് മറ്റൊരു ലേഖനത്തില്‍ ആരോപിക്കുന്നത്.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഗവര്‍ണര്‍ പോര് കടുപ്പിച്ച പശ്ചാത്തലത്തിലാണ് ദേശാഭിമാനിയിലേ ലേഖനം. നിയമലംഘനം നടത്തി വഴിവിട്ടത് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഗവര്‍ണര്‍ കഴിഞ്ഞദിവസം ഉന്നയിച്ചത്

pathram:
Related Post
Leave a Comment