കെ എം ബഷീര്‍ വധക്കേസ്; മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി പ്രതിയും ഐ.എ.എസ് ഓഫീസറുമായ ശ്രീറാം വെങ്കിട്ടരാമന്‍. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ശ്രീറാം തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വാഹന നിയമപ്രകാരമുള്ള കുറ്റമേ നിലനില്‍ക്കുവെന്നാണ് ശ്രീറാമിന്റെ വാദം.

മദ്യപിച്ച് വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. വാഹനാപകടമുണ്ടാക്കിയ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത പോലീസ് ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറായിരുന്നില്ല. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സ തേടുകയും ചെയ്തു. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മദ്യപിച്ചോ എന്നറിയാന്‍ നടത്തുന്ന വൈദ്യപരിശോധനയില്‍ കാര്യമായ ഫലമുണ്ടാവില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ അടക്കം പ്രതിഷേധം ശക്തമായതോടെയാണ് വൈദ്യപരിശോധന നടത്താന്‍ പോലീസ് തയ്യാറായത്.

ഈ പരിശോധനാ ഫലം ചൂണ്ടിക്കാട്ടിയാണ് ശ്രീറാമിന്റെ വാദം. കൂടാതെ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകളോ സാക്ഷിമൊഴികളോ കുറ്റപത്രത്തില്‍ ഇല്ലെന്നും ശ്രീറാം വാദിക്കുന്നു.

അതേസമയം, കേസില്‍ രണ്ടാം പ്രതിയായ വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാല്‍, കേസില്‍ താന്‍ നിരപരാധിയാണെന്നും വാഹനത്തില്‍ ഒപ്പം സഞ്ചരിച്ചുവെന്ന കുറ്റം മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും അതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. കേസില്‍ ഗൂഡാലോചനയില്‍ പങ്കുള്ള വഫയുടെ ഹര്‍ജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും, കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ഒരാള്‍ പോലും വഫയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രേഖകളിലോ പോലീസിന്റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകന്‍ വാദിച്ചു.

<a href=”http://pathramonline.com/archives/224802″ rel=”noopener” target=”_blank”>ശുചിമുറി വിവാദം: വിദ്യാർഥിനി കാമുകന് അയച്ചത് സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ, ​ചണ്ഡീഗഢ് സര്‍വകലാശാല

pathram:
Leave a Comment