വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെയും ഭീഷണിപ്പെടുത്തി

കൊച്ചി: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുംമുന്‍പ് നടനും നിര്‍മാതാവുമായ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നും അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു. വിദേശത്താണെന്നത് മറച്ചുവെച്ചാണ് മുന്‍കൂര്‍ജാമ്യഹര്‍ജി ഫയല്‍ ചെയ്തതെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും വാദിച്ചു. എന്നാല്‍, അധികരേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഉപഹര്‍ജിയില്‍ ദുബായിലാണെന്ന വിവരം ഉണ്ടെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കുമെന്നുമായിരുന്നു വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദം.

സിനിമാ ഷൂട്ടിങ്ങിനായിട്ട് ഏപ്രില്‍ 22-ന് ഗോവയ്ക്ക് പോയെന്നും 24-ന് അവിടെ നിന്ന് ഗോള്‍ഡന്‍ വിസയുടെ ആവശ്യത്തിനായി ദുബായിലേക്ക് പോയെന്നുമാണ് വിജയ് ബാബു പറയുന്നത്. അപ്പോഴൊന്നും കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിയില്ലായിരുന്നുവെന്നും നിയമനടപടികളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നില്ലെന്നും വാദിച്ചു. എന്നാല്‍ ഇത് തെറ്റാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞാണ് ദുബായിലേക്ക് കടന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത വിവരം മാധ്യമങ്ങളിലൂടെ തന്നെ അറിയാന്‍ കഴിയുമായിരുന്നു. ഏപ്രില്‍ 19-നാണ് നടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ കൊല്ലത്തെ മേല്‍വിലാസമാണ് നല്‍കിയതെന്നും വിദേശത്താണെന്നോ എന്നു മടങ്ങിവരുമെന്നോ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ദുബായിലാണെന്ന് പറഞ്ഞ് ഉപഹര്‍ജി ഫയല്‍ ചെയ്തത് പിന്നീടാണെന്നും അതിനാല്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ വാദം പറയാനും കോടതി നിര്‍ദേശം നല്‍കി. നടിയുടെ ആരോപണം തെറ്റാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു. ബലാത്സംഗം ചെയ്തുവെന്നു പറയുന്ന ദിവസത്തിനു ശേഷവും വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് നടി എത്തിയിരുന്നു എന്നും ചൂണ്ടിക്കാട്ടി. വിജയ് ബാബുവിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നടിയും കക്ഷി ചേര്‍ന്നിട്ടുണ്ട്. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും.

തിങ്കാളാഴ്ച മടങ്ങിയെത്തുമെന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്.

pathram:
Leave a Comment