19നകം മറുപടി നല്‍കണം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ടം ആരെന്ന്‌ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ മേല്‍നോട്ടം ആര്‍ക്കെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഡി.ജി.പി ഈ മാസം 19നകം ഇത് സംബന്ധിച്ച് മറുപടി നല്‍കണം. എഡിജിപി എസ്.ശ്രീജിത്തിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയോ എന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതലയില്‍ നിന്ന് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്ത് സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ക്രൈംബ്രാഞ്ച് മേധാവി എന്ന നിലയിലാണ് എസ്. ശ്രീജിത്തിനെ മേല്‍നോട്ട ചുമതല ഏല്‍പിച്ചതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ ഇതില്‍ തൃപ്തി വരാത്തതിനാലാണ് സംസ്ഥാന പോലീസ് മേധാവി ഡിജിപി അനില്‍കാന്തിനോട് കോടതി വിശദീകരണം തേടിയിരിക്കുന്നത്.

എസ്.ശ്രീജിത്തിനെ മാറ്റിയ നടപടി നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മെയ് 31നകം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ക്രൈംബ്രാഞ്ച് സ്ഥാനത്തുനിന്നും മാറ്റിയതിന് പിന്നാലെ എസ്.ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കിയിരുന്നു. ഷേക് ദര്‍വേഷ് സാഹിബാണ് ഇപ്പോള്‍ നിലവിലെ ക്രൈംബ്രാഞ്ച് മേധാവി.

pathram:
Related Post
Leave a Comment