മാസ്‌ക്‌ ഒഴിവാക്കുന്നത്‌ പരിഗണനയില്‍, ​‍ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായം തേടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക്‌ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചന തുടങ്ങി. കോവിഡ്‌ പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്‌ധ സമിതിയിലെ അംഗങ്ങളോടും മറ്റ്‌ ആരോഗ്യവിദഗ്‌ധരോടും ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞു.

മാസ്‌ക്‌ ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ്‌ വിദഗ്‌ധസമിതി നിര്‍ദേശം. മാസ്‌ക്‌ നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താല്‍പര്യമുള്ളവര്‍ക്ക്‌ തുടര്‍ന്നും മാസ്‌ക്‌ ധരിക്കാം. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്‌ ധരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്‌ക്കണമെന്നും വിദഗ്‌ധസമിതി സര്‍ക്കാരിനെ അറിയിച്ചു.

അതിതീവ്ര വ്യാപനസാധ്യതയുള്ള പ്രദേശങ്ങള്‍, കടകള്‍, ആളുകള്‍ അപരിചിതരുമായി അടുത്തിടപഴകേണ്ടി വരുന്ന വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക്‌ നിര്‍ബന്ധമാക്കുകയും മറ്റിടങ്ങളില്‍ ഒഴിവാക്കുന്നത്‌ ആലോചനയിലുണ്ടെന്നും വിദഗ്‌ധ സമിതി അംഗങ്ങള്‍ പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ ഇന്നു മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കും. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷന്‍ നടത്തുക. വാക്‌സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

pathram:
Leave a Comment