ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് യുവതിയും മകനും മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കള്‍

വൈപ്പിന്‍: അയല്‍വാസിയായ യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കിയ യുവതി ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചതിന് പിന്നാലെ മകനും മരിച്ചു. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ സിന്ധുവും മകന്‍ അതുലുമാണ് പൊള്ളലേറ്റ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ ദിലീപ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വീടിനുള്ളില്‍നിന്ന് പുക ഉയരുന്നതുകണ്ട ബന്ധുക്കളും പരിസരവാസികളും ചേര്‍ന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും സിന്ധുവിനെ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മകന്‍ അതുല്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ആറിനാണ് ഇവരുടെ മുറിയില്‍ തീപടര്‍ന്നത്. പരേതനായ സാജുവിന്റെ ഭാര്യയായ സിന്ധു എറണാകുളം ലൂര്‍ദ് ആശുപത്രി ജീവനക്കാരിയാണ്.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സമീപവാസിയാണ് ഇതു ചെയ്തത് എന്ന നിലയില്‍ സിന്ധു പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമന, എസ്.ഐ എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. കത്തിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തീപ്പെട്ടി മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

മൂന്നുദിവസം മുന്‍പ് യുവാവിനെതിരേ പരാതി നല്‍കി

അയല്‍വാസിയായ യുവാവ് തന്നെ സ്ഥിരമായി ശല്യംചെയ്യുന്നുവെന്ന സിന്ധുവിന്റെ പരാതിയില്‍ യുവാവിനെതിരേ ഞാറയ്ക്കല്‍ പോലീസ് കേസെടുത്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇതേ യുവാവിന്റെ പേര് സിന്ധു പറഞ്ഞത് സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്. സിന്ധുവിന്റെ സഹോദരനും യുവാവും തമ്മില്‍ അടിപിടി ഉണ്ടായതായും സൂചനയുണ്ട്.

ഞായറാഴ്ച വീട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി പണിക്കാരെ ഏര്‍പ്പാട് ചെയ്യുകയും അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്നതിനാല്‍ ആത്മഹത്യയ്ക്ക് സാധ്യതയില്ലെന്ന് സിന്ധുവിന്റെ പിതാവ് ചാലാവീട്ടില്‍ ജോയി പറയുന്നു.

pathram:
Related Post
Leave a Comment