കിവീസിനെ 372 റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ;അശ്വിനും ജയന്ത് യാദവും തിളങ്ങി

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെയും ട്വന്റി 20 ലോകകപ്പിലെയും തോല്‍വിക്ക് ന്യൂസീലന്‍ഡിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ കിവീസിനെ 372 റണ്‍സിന് തകര്‍ത്ത് രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (1-0).

സ്‌കോര്‍: ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേര്‍ഡ്, ന്യൂസീലന്‍ഡ് 62, 167

ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 167 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആര്‍. അശ്വിനും ജയന്ത് യാദവുമാണ് കിവീസിനെ തകര്‍ത്തത്.

അഞ്ചിന് 140 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് 27 റണ്‍സ് കൂടി മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.

രചിന്‍ രവീന്ദ്ര (18), കൈല്‍ ജാമിസണ്‍ (0), ടിം സൗത്തി (0), വില്യം സോമര്‍ വില്ലെ (1), ഹെന്റി നിക്കോള്‍സ് (44) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം വീണത്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് നാലാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍ ടോം ലാഥത്തെ ആറു റണ്‍സിന് അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നീട് ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ടുനയിക്കുകയായിരുന്ന വില്‍ യങ്ങിനേയും അശ്വിന്‍ പുറത്താക്കി. 41 പന്തില്‍ 20 റണ്‍സായിരുന്നു യങ്ങിന്റെ സമ്പാദ്യം.

സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് ചേര്‍ത്തപ്പോഴേക്കും കിവീസിന് മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. എട്ടു പന്തില്‍ ആറു റണ്‍സെടുത്ത റോസ് ടെയ്‌ലറെ അശ്വിന്‍ ചേതേശ്വര്‍ പൂജാരയുടെ കൈയിലെത്തിച്ചു.

പിന്നീട് നാലാം വിക്കറ്റില്‍ ഹെന്‍ട്രി നിക്കോള്‍സും ഡാരില്‍ മിച്ചലും ഒത്തുചേര്‍ന്നു. ഇത് കിവീസിന് അല്‍പം ആശ്വാസമേകി. ഇരുവരും 73 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. മിച്ചലിനെ പുറത്താക്കി അക്‌സര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അര്‍ധസെഞ്ചുറി നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസീലന്‍ഡ് നിരയില്‍ ഇതുവരെയുള്ള ടോപ് സ്‌കോറര്‍. 92 പന്തുകള്‍ നേരിട്ട മിച്ചല്‍, ഏഴു ഫോറും രണ്ടു സിക്സും സഹിതം 60 റണ്‍സെടുത്താണ് പുറത്തായത്. ടെസ്റ്റില്‍ ഡാരില്‍ മിച്ചലിന്റെ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണിത്.

തുടര്‍ന്ന് ക്രീസിലെത്തിയ ടോം ബ്ലന്‍ഡെല്‍ മിന്നല്‍ വേഗത്തില്‍ പുറത്തായി. ആറു പന്ത് നേരിട്ട ബ്ലന്‍ഡല്‍ അക്കൗണ്ട് തുറക്കും മുമ്പ് റണ്‍ ഔട്ടായി.

ഒന്നാം ഇന്നിങ്‌സില്‍ വെറും 62 റണ്‍സിന് പുറത്തായ കിവീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റണ്‍സെടുത്ത് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

pathram:
Related Post
Leave a Comment