പത്തു രൂപയ്ക്ക് ഉച്ചയൂണുമായി കൊച്ചി കോർപറേഷന്റെ ജനകീയ ഹോട്ടലിന് ഇന്നു തുടക്കം

കൊച്ചി : പത്തു രൂപയ്ക്ക് ഉച്ചയൂണുമായി കൊച്ചി കോർപറേഷന്റെ ജനകീയ ഹോട്ടലിന് ഇന്നു തുടക്കം. നോർത്ത് പരമാര റോഡിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്രാ ഹോട്ടൽ കെട്ടിടത്തിലാണു ‘സമൃദ്ധി @ കൊച്ചി’ ജനകീയ ഹോട്ടൽ പ്രവർത്തിക്കുക. ഇന്ന് 4നു ചലച്ചിത്രതാരം മഞ്ജു വാരിയർ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിക്കും.മിതമായ നിരക്കിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ആശയവുമായി കോർപറേഷൻ ബജറ്റിൽ ഉൾപ്പെടുത്തിയ വിശപ്പു രഹിത കൊച്ചി എന്ന പദ്ധതിയുടെ ഭാഗമാണു ജനകീയ ഹോട്ടൽ. ദേശീയ നഗര ഉപജീവന ദൗത്യം (എൻയുഎൽഎം) പദ്ധതി വഴിയാണു ജനകീയ ഹോട്ടൽ നടപ്പാക്കുന്നത്.

ആധുനിക സംവിധാനങ്ങളോടു കൂടിയുള്ള കേന്ദ്രീകൃത അടുക്കളയാണു ഹോട്ടലിലുള്ളത്. അടുക്കളയ്ക്ക് ആവശ്യമുള്ള 20 ലക്ഷം രൂപയുടെ ഉപകരണങ്ങൾ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് വഴി ലഭ്യമാക്കി. കോർപറേഷൻ ഫണ്ട് ചെലവഴിക്കാതെ സിഎസ്ആർ, സ്പോൺസർഷിപ് എന്നിവ വഴിയാണു ജനകീയ ഹോട്ടലിന്റെ നടത്തിപ്പിനുള്ള പണം കണ്ടെത്തുക.

എസ്‌സിഎംഎസ് സ്കൂൾ ഓഫ് ആർക്കിടെക്ചറാണ് ഹോട്ടൽ രൂപകൽപന ചെയ്തത്. കോർപറേഷനിലെ കുടുംബശ്രീ പ്രവർത്തകരായ 14 വനിതകളാണ് ആദ്യ ഘട്ടത്തിൽ ഹോട്ടലിലെ ജീവനക്കാർ. ഇവർക്കു പ്രത്യേക പരിശീലനം നൽകി. ഈസ്റ്റ്, സൗത്ത് സിഡിഎസിലെ കുടുംബശ്രീ പ്രവർത്തകരാണു നിലവിൽ ജനകീയ ഹോട്ടലിന്റെ ഭാഗമായിട്ടുള്ളത്. വൈകാതെ വെസ്റ്റ് സിഡിഎസും ഇതിന്റെ ഭാഗമാകും.

ചോറ്, സാമ്പാർ, മറ്റു 2 കറികൾ, അച്ചാർ എന്നിവയാണു 10 രൂപയുടെ ഊണിലുണ്ടാകുക. പാഴ്സൽ വാങ്ങണമെങ്കിൽ 15 രൂപയാകും. 11 മുതൽ 3 വരെയാണ് ഉച്ചയൂണ് ലഭിക്കുക. മീൻ വറുത്തത് ഉൾപ്പെടെയുള്ള പ്രത്യേക വിഭവങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കും. അടുത്ത മാസം മുതൽ 20 രൂപ നിരക്കിൽ പ്രഭാത ഭക്ഷണവും അത്താഴവും ലഭ്യമാക്കും.

1,500 പേർക്കുള്ള ഭക്ഷണമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാക്കുന്നത്. ഇതു പിന്നീട് 3000 പേർക്കായി വർധിപ്പിക്കും. കോർപറേഷൻ പരിധിയിൽ മറ്റ് 10 ജനകീയ ഹോട്ടലുകൾ കൂടി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെ ഉച്ചയൂണിനു നിലവിലുള്ള 20 രൂപ തന്നെ തുടരും. ഘട്ടംഘട്ടമായി കേന്ദ്രീകൃത അടുക്കളയിൽ നിന്ന് ഈ ജനകീയ ഹോട്ടലുകളിലേക്കു കൂടി ഭക്ഷണമെത്തിക്കാനാണു ശ്രമം.

pathram desk 1:
Related Post
Leave a Comment