10 ലക്ഷം ഡോസ്‌ വാക്‌സിന്‍ കേരളം ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര മന്ത്രി

കോവിഡ്‌ പ്രതിരോധത്തിനായി കേന്ദ്രം അനുവദിച്ച 10 ലക്ഷം ഡോസ്‌ വാക്‌സിന്‍ കേരളം ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ്‌ മാണ്ഡവ്യ. കൈവശമുള്ള വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചുകഴിയുന്ന മുറയ്‌ക്ക്‌ കൂടുതല്‍ ഡോസ്‌ നല്‍കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വാക്‌സിന്‍ ദൗര്‍ലഭ്യം മൂലം സംസ്‌ഥാനത്തു വാക്‌സിനേഷന്‍ പ്രക്രിയ താളംതെറ്റുമെന്ന ആശങ്ക പങ്കുവച്ച എം.പിമാരായ ടി.എന്‍. പ്രതാപനോടും ഹൈബി ഈഡനോടുമാണ്‌ മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌. വാക്‌സിനേഷന്‍ കൃത്യമായി നടത്തിയാല്‍ വൈറസ്‌ വ്യാപനത്തോത്‌ ഉയരുന്നതിനു തടയിടാനാകും. പൊതുജനാരോഗ്യ സേവനങ്ങളില്‍ മുന്‍പന്തിയിലുള്ള കേരളത്തിലെ നിലവിലെ കോവിഡ്‌ സ്‌ഥിതി ആശങ്കാജനകമാണ്‌. മെച്ചപ്പെട്ട ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും സംസ്‌ഥാനത്ത്‌ രോഗവ്യാപനം കുറയാത്തതിനു കാരണവും അദ്ദേഹം ആരാഞ്ഞു. സംസ്‌ഥാനത്തിന്റെ കോവിഡ്‌ പ്രതിരോധത്തിലെ ദൗര്‍ബല്യത്തിലേക്കു വിരല്‍ചൂണ്ടുന്നതാണ്‌ രോഗവ്യാപനത്തോതെന്നും മാണ്ഡവ്യ പറഞ്ഞു.

ഇന്നലെ കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ കോവിഡ്‌ ബാധിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ ഉയരുന്നത്‌ ആശങ്കയായി. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 12.38 ആണ്‌. മരണസംഖ്യയിലും കുറവില്ല; 122. ആകെ മരണം 15,739 ആയി.
ഇന്നലെ 1,03,543 സാമ്പിളുകളാണ്‌ പരിശോധിച്ചത്‌. 12,818 പേര്‍ക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. തൃശൂര്‍ -1605, കോഴിക്കോട്‌ -1586, എറണാകുളം -1554, മലപ്പുറം -1249, പാലക്കാട്‌ -1095, തിരുവനന്തപുരം -987, കൊല്ലം -970, കോട്ടയം -763, ആലപ്പുഴ -718, കാസര്‍ഗോഡ്‌ -706, കണ്ണൂര്‍ -552, പത്തനംതിട്ട -433, ഇടുക്കി -318, വയനാട്‌ -282 എന്നിങ്ങനെയാണു ജില്ലകളിലെ രോഗ ബാധ.

pathram:
Leave a Comment