കേരളത്തില് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ശുപാര്‍ശയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. ഗുരുതരമായ സാഹചര്യം സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്‌തെങ്കിലും ലോക്ഡൗണിലേക്കു പോകേണ്ടെന്ന തീരുമാനമാണ് എടുത്തത്.

ലോക്ഡൗണ്‍ ആവശ്യമില്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ മതിയെന്നുമുള്ള തീരുമാനത്തിലായിരുന്നു ഇടതു മുന്നണിയും സര്‍ക്കാരും. പ്രതിപക്ഷവും ഇതിനോടു യോജിക്കുന്നുണ്ട്. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

ഇന്നലെ രാത്രി ചേര്‍ന്ന കോവിഡ് വിദഗ്ധസമിതിയുടെ യോഗത്തില്‍ രണ്ട് ആഴ്ച ലോക്ഡൗണ്‍ വേണമെന്ന നിര്‍ദേശം ഉണ്ടായി. കൊറോണ വൈറസിന്റെ യുകെ വകഭേദം വേഗത്തില്‍ പടരുകയാണിപ്പോള്‍.

അന്തര്‍സംസ്ഥാന യാത്രക്കാരുടെ വരവു ശക്തമാകുന്നതോടെ മഹാരാഷ്ട്രയില്‍ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തില്‍ എത്തും. ഇതിന്റെ പകര്‍ച്ച ചെറുക്കണമെങ്കില്‍ 2 ആഴ്ചയെങ്കിലും ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. അതിന് ലോക്ഡൗണ്‍ വേണമെന്നാണു വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്.
പഞ്ചാബിലും ഹരിയാനയിലും രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ലോക്ഡൗണ്‍ വേണമെന്ന് അവിടത്തെ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടെങ്കിലും സര്‍ക്കാരുകള്‍ അംഗീകരിച്ചില്ല. ഇതിന്റെ ദുരന്തമാണു ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വൈറസ് അതിവേഗം വ്യാപിച്ചതെന്നും കോവിഡ് വിദഗ്ധ സമിതിയില്‍ ചിലര്‍ കണക്കുകള്‍ സഹിതം അവതരിപ്പിച്ചു. വിദഗ്ധസമിതിയുടെ ശുപാര്‍ശ ഇന്നു രാവിലെ ലഭിച്ചതോടെ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടില്‍ സര്‍ക്കാരിന് അയവു വന്നിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ മാത്രമായി തീരുമാനിക്കേണ്ടെന്നും സര്‍വകക്ഷി യോഗത്തിനു വിടാമെന്നുമാണു ധാരണ. ലോക്ഡൗണ്‍ വേണ്ടെന്നു ശക്തമായ എതിര്‍പ്പ് ഉയര്‍ന്നാല്‍ എറണാകുളം ജില്ലയില്‍ ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനമാകെ ബാധകമാക്കും. സര്‍വകക്ഷി യോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചു വൈകിട്ട് 5.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും.

pathram:
Leave a Comment