പ്രതിപക്ഷ നേതാവിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ ഏജന്‍സിക്ക് നല്‍കിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു.

രമേശ് ചെന്നിത്തലയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രഹ്‌ളാദ് ജോഷി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടിംഗ് സുതാര്യമല്ലെന്നും പോസ്റ്റല്‍ വോട്ടിന്റെ മറവില്‍ സിപിഐഎം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം തിരുവനന്തപുരത്തെ തീരമേഖലകളില്‍ കേന്ദ്രമന്ത്രിമാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര മന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, ഗിരിരാജ് സിംഗ്, വി മുരളീധരന്‍ എന്നിവര്‍ സംഘത്തിലുണ്ട്. വലിയതുറയില്‍ ഹാര്‍ബര്‍ നിര്‍മാണം പരിഗണിക്കുമെന്ന് മന്ത്രിമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. വലിയതുറയിലാണ് അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി സംഘം സന്ദര്‍ശനം നടത്തിയത്. വലിയതുറയില്‍ ഹാര്‍ബര്‍ വേണമെന്ന ആവശ്യം വര്‍ഷങ്ങളായി പ്രദേശവാസികള്‍ ഉന്നയിക്കുന്നതാണ്. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഇന്നലെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രമന്ത്രിമാര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചത്.

pathram desk 1:
Leave a Comment