ചൈനീസ് പിന്മാറ്റം അതിവേഗം; പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയില്‍ നിന്നുള്ള ചൈനീസ് സേനാ പിന്മാറ്റം അതിവേഗമാണെന്ന് വ്യക്തമാക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ചൈനീസ് പിന്മാറ്റത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ സേന പുറത്തുവിടുന്നത്.

പാംഗോങ് തടാക തീരത്തെ ടെന്റുകളും ബങ്കറുകളും ചൈന പൊളിച്ചുനീക്കിയെന്ന് പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വെളിവാക്കുന്നു. അടുത്തിടെയാണ് ചൈന ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജനുവരിയില്‍ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളിലും ഇപ്പോള്‍ പൊളിച്ച ബങ്കറുകളും ടെന്റുകളും ദൃശ്യമായിരുന്നു. ഏകദേശം ഏഴായിരത്തോളം സേനാംഗങ്ങളെ മേഖലയില്‍ നിന്ന് ചൈന പിന്‍വലിച്ചെന്നാണ് റിപ്പോര്‍ട്ട്. തുല്യ തോതിലെ സേനാ പിന്മാറ്റം ഇന്ത്യയും നടപ്പിലാക്കും.

കിഴക്കന്‍ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി നിലനിന്ന സംഘര്‍ഷത്തിന് വിരാമമിടാന്‍ ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് തീരുമാനമായത്. പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്തുള്ള ഫിംഗര്‍ 8ലേക്ക് ചൈനീസ് സേനയും ധാന്‍ സിംഗ് ഥാപ്പ പോസ്റ്റിലേക്ക് ഇന്ത്യന്‍ സേനയും പിന്മാറണമെന്നായിരുന്നു ധാരണ.

സേനാ പിന്മാറ്റത്തിന്റെ പുരോഗതി ഇരു രാജ്യങ്ങളിലെയും സൈനിക മേധാവികള്‍ നിരീക്ഷിക്കുന്നുണ്ട്. കരസേന വടക്കന്‍ കമാന്‍ഡ് തലവന്‍ ലഫ്.ജനറല്‍ വൈ.കെ.ജോഷി അതിര്‍ത്തിയില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.

pathram desk 2:
Leave a Comment