പുതുച്ചേരിയില്‍ തമിഴിസൈ ചുമതലയേറ്റു

പുതുച്ചേരി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ പുതുച്ചേരിയില്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. തെലങ്കാന ഗവര്‍ണറായ തമിഴിസൈയ്ക്ക് പുതുച്ചേരിയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന കിരണ്‍ ബേദിയെ കഴിഞ്ഞ ദിവസം അപ്രതീക്ഷിത നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു. തുടര്‍ന്ന് തമിഴിസൈയ്ക്ക് നറുക്കു വീഴുകയായിരുന്നു.

രാജ് നിവാസില്‍ നടന്ന ലളിതമായ ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി തമിഴിസൈയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, നിയമസഭാ സ്പീക്കര്‍ വി.പി. ശിവകൊളുന്തു, പ്രതിപക്ഷ നേതാവ് എന്‍. രംഗസ്വാമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ബിജെപിയുടെ മുന്‍ അധ്യക്ഷയായ തമിഴിസൈ ലഫ്.ഗവര്‍ണര്‍ സ്ഥാനത്തെത്തുന്നതിനെ രാഷ്ട്രീയ നിരീക്ഷകര്‍ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്.

pathram desk 2:
Leave a Comment