സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ലെന്ന് വിദഗ്ധസമിതി

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ലെന്ന് വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കോവിഡ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സ്പ്രിംക്ലര്‍ കമ്പനിയെ ചുമതലപ്പെടുത്തുന്ന കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ല തയ്യാറാക്കിയതെന്നും അദ്ദേഹത്തിന്റെ അറിവോടെയല്ല കരാര്‍ നടപ്പാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ ഐടി സെക്രട്ടറിയായ എം. ശിവശങ്കര്‍ ഏകപക്ഷീയമായി കരാര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും അതുവഴി പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് നിയന്ത്രണാധികാരം ലഭിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സ്പ്രിംക്ലര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയത് ഐടി വകുപ്പാണ്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടാണ് വിഷയവുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്‌സ വിവരങ്ങള്‍ പോലും സമിതിക്ക് ലഭ്യമായതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

വിഷയത്തില്‍ ആരോഗ്യ വകുപ്പിന് പോലും അറിവുണ്ടായിരുന്നില്ല. സ്പ്രിംക്ലര്‍ വിഷയത്തില്‍ ഐടി വകുപ്പ് ആരോഗ്യ വകുപ്പുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ അന്വേഷണ സമിതിയെ അറിയിച്ചു. കോവിഡ് വിവരശേഖരണവുമായി ബന്ധപ്പെട്ട് പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനായിരിക്കുമെന്നും ഐ.ടി വകുപ്പിന് സഹായ റോളില്‍ മാത്രമായിരിക്കും പ്രാതിനിധ്യമെന്നും ഫയലില്‍ വ്യക്തമാക്കിയിരുന്നതായും രാജന്‍ എന്‍. ഖോബ്രഗഡെ അന്വേഷണ സമിതിയെ അറിയിച്ചു.

സ്പ്രിംക്ലറിലേക്കു വിവരങ്ങള്‍ എത്തിത്തുടങ്ങിയ 2020 മാര്‍ച്ച് 25 മുതലുള്ള സെര്‍വര്‍ വിവരങ്ങള്‍ സൈബര്‍ സുരക്ഷാ പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും സിഡിറ്റ് നല്‍കിയത് ഏപ്രില്‍ 3 മുതല്‍ 19 വരെയുള്ള പരിമിതമായ വിവരങ്ങളായിരുന്നു. ചില സ്വകാര്യ ഐപി വിലാസങ്ങളിലേക്കു വിവരം കൈമാറിയത് കേന്ദ്ര ഐടി വകുപ്പിനു കീഴിലെ സ്റ്റാന്‍ഡേഡൈസേഷന്‍ ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും സിഡിറ്റ് നല്‍കിയ വിവരങ്ങള്‍ പരിമിതമായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചില്ല.

അതിനാല്‍ സ്വകാര്യത, രഹസ്യാത്മകത, വിവരസുരക്ഷ എന്നീ വിഷയങ്ങളില്‍ നിഗമനങ്ങളിലെത്താന്‍ കഴിയുന്നില്ലെന്നും സമിതി പറയുന്നു. 1.82 ലക്ഷം പേരുടെ വിവരങ്ങളാണ് ഏപ്രില്‍ ആദ്യ ആഴ്ച വരെ സ്പ്രിംക്ലറിന്റെ അക്കൗണ്ടിലെത്തിയത്.

കരാര്‍ നടപ്പാക്കിയവര്‍ക്കു സാങ്കേതിക നിയമ വൈദഗ്ധ്യം വേണ്ടത്രയില്ല, കരാര്‍ വ്യവസ്ഥകള്‍ ദുരുപയോഗ സാധ്യതയുള്ളതാണ്, മുഖ്യമന്ത്രി പോലുമറിയാതെ കരാര്‍ ഒപ്പിട്ടതു സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമാണ്, വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്ന പ്ലാറ്റ്‌ഫോമിന്റെ ശേഷിയും സുരക്ഷയും പരിശോധിച്ചില്ല, സ്പ്രിംക്ലര്‍ യുഎസിലെ കോടതിയുടെ പരിധിയിലായതിനാല്‍ എന്തെങ്കിലും തിരിച്ചടികളുണ്ടായാല്‍ കമ്പനിക്കെതിരെ നിയമപരമായി നടപടി സ്വികരിക്കുന്നത് ദുഷ്‌കരമായിരിക്കും എന്നിവയാണ് അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍.

മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. ഗുല്‍ഷന്‍ റായ് എന്നിവരുടെ സമിതിയാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം അത് പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാരിനോട് സമിതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരമാണ് റിപ്പോര്‍ട്ട് പൊതുഭരണ വകുപ്പ് പുറത്തുവിട്ടത്.

pathram:
Related Post
Leave a Comment