ഭർത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ പാർക്ക് ചെയ്യുവാൻ ഭാർത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അജ്മാനിലെ ആശുപത്രി പാർക്കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം. തൃശൂർ കൈപമംഗലം സ്വദേശി ഷാൻലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്. ആശുപത്രിയിൽ ആരോഗ്യ പരിശോധനയ്ക്ക് ചെന്നതായിരുന്നു ദമ്പതികൾ.

ഇതിനിടെ തങ്ങളുടെ എസ്‌യുവി പാർക്ക് ചെയ്യുവാൻ ലിജി മുന്നിൽ നിന്ന് ഭർത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രെയ്ക്കിന് പകരം ഭർത്താവ് ആക്സിലേറ്റർ ചവിട്ടിയതിനാൽ എസ്‌യുവി പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയിൽപ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

ഏറെ വർഷമായി യുഎഇയിലുള്ള ദമ്പതികളുടെ മൂത്തമകൻ ഇന്ത്യയിൽ എൻജിനീയറിങ്ങിനും മകൾ ഉമ്മുൽഖുവൈൻ സ്കൂളിലും പഠിക്കുന്നു. ലിജിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇത്തരം അപകടങ്ങൾ ഇടയ്ക്ക് സംഭവിക്കുന്നതിനാൽ വാഹനം പാർക്ക് ചെയ്യുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതർ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment