തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രവണത നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ 2016നെക്കാള്‍ 10 സീറ്റ് അധികം ഇടതിന് ലഭിക്കും

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രവണത തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 10 സീറ്റ് ഇടതു മുന്നണിക്ക് അധികം ലഭിക്കുമെന്നു കണക്കുകള്‍. പ്രമുഖ മാധ്യമം മനോരമ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെ.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വോട്ടുകള്‍ അനുസരിച്ച് ഓരോ നിയമസഭാ മണ്ഡലത്തിലും മുന്നിലെത്തിയത് ഏതു മുന്നണിയാണെന്ന് 2016 നിയമസഭ, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളുമായുള്ള താരതമ്യം തയാറാക്കിയതനുസരിച്ച് 101 മണ്ഡലങ്ങള്‍ എല്‍ഡിഎഫിനെ തുണയ്ക്കും. 38 മണ്ഡലങ്ങളില്‍ മാത്രമാവും യുഡിഎഫിനു വിജയിക്കാന്‍ കഴിയുക. എന്‍ഡിഎ ഒരു സീറ്റ് നിലനിര്‍ത്തുമെന്നുമാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മഞ്ചേശ്വരം, കാസര്‍കോട്, കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം എന്നീ അഞ്ചു മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാമതെത്തും. നിയമസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ വോട്ടുകള്‍ കണക്കുകൂട്ടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കുന്നത്തുനാട് മണ്ഡലത്തില്‍ ട്വന്റി20 കൂട്ടായ്മയ്ക്ക് 39,164 വോട്ടുകള്‍ ലഭിച്ചുവെന്നതും ഏറെ ശ്രദ്ധേയമാണ്. ഒ. രാജഗോപാലിലൂടെ ബിജെപി പിടിച്ച നേമം മണ്ഡലം അടുത്ത തവണയും 2204 വോട്ടുകളുടെ ഭൂരിപക്ഷത്തിനു നിലനിര്‍ത്തുമെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്91, യുഡിഎഫ്47, എന്‍ഡിഎ1, മറ്റുള്ളവര്‍1 എന്നതായിരുന്നു സീറ്റ് നില. അതേസമയം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലീഡ് പ്രകാരം 121 ഇടത്ത് യുഡിഫിനായിരുന്നു നേട്ടം. എല്‍ഡിഎഫ് 16 ഇടത്തേക്കു ചുരുങ്ങിയിരുന്നു. എന്‍ഡിഎ1. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 16 സീറ്റുകളില്‍ മാത്രം ലീഡ് എന്ന നിലയില്‍നിന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ലീഡ് നില പരിശോധിക്കുമ്പോള്‍ 101 എന്ന കുതിപ്പിലേക്ക് എല്‍ഡിഎഫ് എത്തിയിരിക്കുന്നത്. ഇക്കുറി എല്‍ഡിഎഫിന് ആകെ ലഭിച്ചത് 87,25,940 വോട്ടുകളാണ് (41.55 ശതമാനം). യുഡിഎഫിന് 78,00,787 വോട്ടുകളും (37.14 ശതമാനം) എന്‍ഡിഎയ്ക്ക് 30,49,186 വോട്ടുകളും (14.52 ശതമാനം) ആണ് ലഭിച്ചത്.

pathram:
Leave a Comment