തെരഞ്ഞെടുപ്പ് ഫലം: ജോസ് കെ മാണിയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സിപിഎം

കോട്ടയം: ഇടതുപക്ഷ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ആറു മാസം മാത്രം ബാക്കി നില്‍ക്കേ ജോസ് കെ മാണിയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സിപിഎം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജയത്തിനൊപ്പം കേരളാ കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റുള്ള നേതാക്കളെ തിരിച്ചു കൊണ്ടുവരുന്നതും തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായിട്ടുമാണ് എല്‍ഡിഎഫ് ഈ നീക്കം നടത്തുന്നത്. അതേസമയം ഇക്കാര്യത്തില്‍ കേരളാകോണ്‍ഗ്രസില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്.

മന്ത്രി സ്ഥാനം ഏറ്റെടുത്താലും വെറും ആറുമാസം മാത്രമാണ് കിട്ടുക എന്നതിനാല്‍ ജോസ് കെ മാണി ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തിട്ടില്ല. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ഈ നിര്‍ദേശത്തോട് താല്‍പ്പര്യമുണ്ട്. മന്ത്രിസ്ഥാനം ലഭിക്കുന്നതു പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു നല്ലതാണ് എന്നാണ് ഇവരുടെ വാദം. എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഇപ്പോള്‍ത്തന്നെ ചേരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. വിഭാഗീകതയില്‍ തങ്ങളെ വിട്ടു പോയവര്‍ക്ക് തിരിച്ചുവരാനും പാര്‍ട്ടിയുടെ കരുത്തു കൂട്ടാനും ഈ നീക്കം ഗുണമാകുമെന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസിനു ഇടതുമുന്നണിയില്‍ ഇടം നല്‍കിയപ്പോള്‍ എതിര്‍ത്ത സിപിഐ യ്ക്കുള്ള മറുപടി കൂടിയാണ്.

കേരള കോണ്‍ഗ്രസിനെ (എം) ഘടക കക്ഷിയാക്കാന്‍ സിപിഎമ്മാണു കൂടുതല്‍ താല്‍പര്യം കാണിച്ചത്. സിപിഐ ഈ നീക്കത്തെ തുടക്കത്തില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. അതേസമയം മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതില്‍ ജോസ് കെ.മാണിക്കു താല്‍പര്യമില്ലെന്നാണ് അറിവ്. എന്നാല്‍ ജോസ് കെ. മാണിക്കു താല്‍പര്യമില്ലെങ്കില്‍ റോഷി അഗസ്റ്റിന്‍, ഡോ. എന്‍.ജയരാജ് എന്നിവരില്‍ ഒരാള്‍ക്കു മന്ത്രിയാകാം. എന്നാല്‍, ചെയര്‍മാന്‍ മന്ത്രിയാകണമെന്നാണു പാര്‍ട്ടിയിലെ അഭിപ്രായം.

ജോസ് കെ.മാണി ഉടനെ രാജ്യസഭാ അംഗത്വം ഉടന്‍ രാജി വെച്ചാലും രാജ്യസഭാ സീറ്റ് വീണ്ടും കേരള കോണ്‍ഗ്രസിനു (എം) തന്നെ എല്‍ഡിഎഫ് നല്‍കിയേക്കും. പാര്‍ട്ടിയിലെ തന്നെ മറ്റൊരു നേതാവിനു രാജ്യസഭാ അംഗത്വം നല്‍കാനും ധാരണയായിട്ടുണ്ട്. നേരത്തേ ഡോ. എന്‍.ജയരാജ് എംഎല്‍എയ്ക്കു രാജ്യസഭാ സീറ്റ് നല്‍കി കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐയ്ക്ക് നല്‍കാന്‍ ധാരണയുണ്ടായിരുന്നു. എ്ന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ വിജയം സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കിയേക്കും.

pathram:
Related Post
Leave a Comment