വിമതരുടെ കനിവ് തേടി യുഡിഫ്; തൃശൂരിലും കൊച്ചിയിലും നിര്‍ണായക നീക്കം

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ 35 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ മുന്നണികള്‍ക്കിടയില്‍ വിമതരെ കേന്ദ്രീകരിച്ച് ചരടുവലി നടക്കുകയാണ്. ബിജെപിയും വിമതരും കരുത്തുകാട്ടിയ കൊച്ചിയില്‍ കേവല ഭൂരിപക്ഷത്തിലേക്കെത്താന്‍ എല്‍ഡിഎഫിനും യുഡിഎഫിനുമായില്ല. രണ്ടില്‍ നിന്ന് അഞ്ചിലേക്ക് കുതിച്ച ബിജെപി തിരഞ്ഞെടുപ്പിലെ കറുത്തകുതിരകളായി.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കൊച്ചി ആരെയും തുണച്ചില്ല. ആരെയും തള്ളിയുമില്ല. നാടകീയതകള്‍ നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ എല്‍ഡിഎഫിന് 34 സീറ്റ്,യുഡിഎഫിന് 31. ബിജെപി അഞ്ച് സീറ്റ് നേടിയപ്പോള്‍ നാലിടത്ത് സ്വതന്ത്രരായി മല്‍സരിച്ച വിമതന്‍മാര്‍ ജയിച്ചു. കേവല ഭൂരിപക്ഷമില്ലെങ്കിലും നാല് ഡിവിഷനില്‍ ജയിച്ച വിമതന്‍മാരില്‍ ഒരാളുടെ പിന്തുണയുണ്ടെങ്കില്‍ എല്‍ഡിഎഫിന് കൊച്ചി ഭരിക്കാം. നാലു വിമതന്‍മാരുടെയും പിന്തുണ കിട്ടിയാല്‍ മാത്രമേ ഭരണം യുഡിഎഫിന് ലഭിക്കുകയുള്ളൂ. വിമതരുടെ പിന്തുണയോടെ കൊച്ചി പിടിക്കാമെന്നാണ് ഇടതുമുന്നണിയുടെ കണക്കു കൂട്ടല്‍.

സ്വാധീനമേഖലയായ പശ്ചിമ കൊച്ചിയാണ് സിപിഎമ്മിന്റെ പ്രകടനത്തില്‍ നിര്‍ണായകമായത്. വി ഫോര്‍ കൊച്ചി ഒരിടത്തും ജയിച്ചില്ലെങ്കിലും പല ഡിവിഷനുകളിലും യുഡിഎഫിനെ തോല്‍പിച്ചു. കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എന്‍ വേണുഗോപാല്‍ ഒറ്റവോട്ടിന് ഐലന്‍ഡ് നോര്‍ത്തില്‍ തോറ്റു. ഡെപ്യൂട്ടി മേയര്‍ കെ ആര്‍ പ്രേംകുമാര്‍ തറേഭാഗത്ത് വന്‍ വോട്ട് വ്യത്യാസത്തിലാണ് തോറ്റത്.
ഇടതുമുന്നണി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന എം.അനില്‍കുമാര്‍ എളമക്കര നോര്‍ത്തില്‍ നിന്നാണ് കൗണ്‍സിലിലേക്കെത്തിയത്.കോണ്‍ഗ്രസും സിപിഎമ്മും ഒപ്പത്തിനൊപ്പമെത്തിയ കലൂര്‍ സൗത്തില്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് ജയിച്ചത്. കഴിഞ്ഞ തവണ രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി അവ നിലനിര്‍ത്തിയതിനൊപ്പം മൂന്നു സീറ്റുകള്‍ കൂടി പിടിച്ചെടുത്തു.

എറണാകുളം സൗത്ത്, സെന്‍ട്രല്‍, ഐലന്‍ഡ് നോര്‍ത്ത്, അമരാവതി, ചെറളായി ഡിവിഷനുകളിലാണ് ബിജെപി ജയിച്ചത്. മനാശേരിയില്‍ ഇടത് വിമതനും കല്‍വത്തിയില്‍ ലീഗ് വിമതനും വിജയിച്ചു. പനയപ്പിള്ളി, മുണ്ടംവേലി ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് വിമതന്‍മാര്‍ വിജയിച്ചത്. ആരുഭരിച്ചാലും ഭരണപക്ഷത്തേക്കാള്‍ കരുത്തുള്ള പ്രതിപക്ഷത്തെയാണ് കൊച്ചി നഗരസഭ കാത്തിരിക്കുന്നത്.

തൃശൂര്‍ കോര്‍പറേഷനില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യം നെട്ടിശേരിയിലെ വോട്ടര്‍മാര്‍ തീരുമാനിക്കുെമന്ന് വിമതനായി ജയിച്ച എം.കെ.വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. ആര്‍ക്കൊപ്പം ആയിരിക്കുമെന്ന് പിന്നീട് പറയാമെന്നാണ് എം.കെ.വര്‍ഗീസിന്റെ നിലപാട്.
നെട്ടിശേരിയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയും പകരം ബൈജു വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തപ്പോഴാണ് ജനകീയ മുന്നണി രൂപീകരിച്ച് വര്‍ഗീസ് മത്സരിച്ചത്‌

pathram:
Related Post
Leave a Comment