തദ്ദേശ തെരഞ്ഞെടുപ്പ് ; ശബരിമലയും മോദിഭരണത്തിന്റെ നേട്ടങ്ങളും വിലപ്പോയില്ല; പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി

തിരുവനന്തപുരം: വലിയ പ്രതീക്ഷകളും അവകാശവാദങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല. വാർഡ് അടിസ്ഥാനത്തിൽ നോക്കുമ്പോൾ മുനിസിപ്പാലിറ്റികളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് കാര്യമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചതെന്നാണ് ഇതുവരെയുള്ള ഫലങ്ങൾ നൽകുന്ന സൂചന.

2015നെ അപേക്ഷിച്ച് ഇരട്ടിയിലധികം വാർഡുകളും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണവും നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇത്തവണ കളത്തിലിറങ്ങിയത്. തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകൾ അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിലവിലെ സൂചനയനുസരിച്ച് തിരുവനന്തപുരത്തും തൃശ്ശൂരിലും മുന്നേറ്റമൊന്നും ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. തൃശ്ശൂരെ മേയർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണനും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സംസ്ഥാന സെക്രട്ടറി എസ് സുരേഷും സിറ്റിങ് സീറ്റുകളിൽ പരാജയപ്പെട്ടതും വലിയ തിരിച്ചടിയായി.

മുനിസിപ്പാലിറ്റികളിൽ മാത്രമാണ് ബിജെപിക്ക് എടുത്തുപറയാവുന്ന നേട്ടമുണ്ടാക്കാൻ സാധിച്ചതെന്ന് വാർഡ് തലത്തിലുള്ള വിജയനില പരിശോധിച്ചാൽ പറയാനാകും. കഴിഞ്ഞ തവണ 236 മുനിസിപ്പൽ ഡിവിഷനുകളിൽ വിജയിച്ചപ്പോൾ ഇത്തവണ അത് 320 ആക്കി വർധിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. 2015-ൽ ബിജെപി ആകെ 933 ഗ്രാമപഞ്ചായത്ത് വാർഡുകളാണ് നേടിയതെങ്കിൽ ഇത്തവണയും അത് ആയിരത്തിന് താഴെ തന്നെ തുടരുകയാണ് (നാലുമണിവരെ 812 വാർഡുകളാണ് ബിജെപിക്ക് നേടാനായത്). 21 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ബിജെപി 2015ൽ വിജയിച്ചിരുന്നു. ഇത്തവണ അത് യഥാക്രമം 19, പൂജ്യം എന്നിങ്ങനെയാണ്.

പഞ്ചായത്ത് അടിസ്ഥാനത്തിൽ നോക്കിയാൽ 2015ൽ 13 പഞ്ചായത്തുകളിൽ ഭരണം നേടാനായെങ്കിൽ ഇത്തവണ അത് 23 ആയി വർധിച്ചത് നേട്ടമാണ്. അതുപോലെ, കഴിഞ്ഞ തവണ പാലക്കാട് നഗരസഭയിൽ മാത്രമാണ് ഭരണം നേടാനായതെങ്കിൽ ഇപ്രാവശ്യം പാലക്കാട് നിലനിർത്താനും പന്തളം നഗരസഭ പിടിക്കാനും സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലായി കഴിഞ്ഞ തവണ 51 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 56 ആയിട്ടുണ്ട്.

കണ്ണൂർ കോർപറേഷനിൽ ആദ്യമായി ഒരു സീറ്റ് നേടാനായി. എന്നാൽ, കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ ഭരണം പിടിക്കുക എന്ന സ്വപ്നം ഇപ്പോഴും ബിജെപിക്ക് അസാധ്യമായി തുടരുകയാണ് എന്നതാണ് യാഥാർഥ്യം.

മൊത്തത്തിൽ വിലയിരുത്തിയാൽ കടുത്ത എൽഡിഎഫ് വിരുദ്ധ സാഹചര്യങ്ങൾ നിലനിൽക്കുകയും കേന്ദ്രഭരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാവുകയും ചെയ്തിട്ടും അത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിപ്പിക്കാൻ ബിജെപിക്ക് സാധിച്ചില്ല. തിരഞ്ഞെടുപ്പിൽ ശബരിമലയും ശരണവിളിയും പ്രധാനമന്ത്രിയുടെ ഭരണനേട്ടങ്ങളുമൊക്കെ ഏറെ പയറ്റിയെങ്കിലും അതൊന്നും വോട്ടുമഴയായി പരിവർത്തിക്കപ്പെട്ടില്ലെന്നതാണ് യാഥാർഥ്യം.

pathram desk 1:
Related Post
Leave a Comment