ഗൂഗിൾ നിശ്ചലമായി; നട്ടംതിരിഞ്ഞ് ജനങ്ങൾ

ന്യൂഡൽഹി: ജിമെയിൽ, യുട്യൂബ് ഉൾപ്പെടെ ഗൂഗിളിന്റെ സേവനങ്ങൾ ലോകമാകെ തടസ്സപ്പെട്ടു. നൂറുകണക്കിനു പേരാണു ലോഗിൻ ചെയ്യാനാവുന്നില്ലെന്ന പരാതിയുമായി ട്വിറ്ററിൽ ഉൾപ്പെടെ രംഗത്തെത്തിയത്. തിങ്കളാഴ്ച വൈകിട്ട് അ‍ഞ്ചോടെയാണ് ഇന്ത്യയടക്കം ലോകത്തിന്റെ പല കോണുകളിലുള്ളവർക്കും ഗൂഗിൾ സേവനങ്ങൾ കിട്ടാതായത്. ഓഫ്‍ലൈൻ ആണെന്നായിരുന്നു ഉപയോക്താക്കൾക്കു കിട്ടിയ അറിയിപ്പ്. മൊബൈലിൽ തുറക്കുമ്പോൾ ചിലർക്ക് അപ്ഡേറ്റ് ചെയ്യാനുള്ള സന്ദേശങ്ങളും ലഭിച്ചു. ഒരു മണിക്കൂറിനുശേഷം പ്രശ്നം പരിഹരിച്ചതായി റിപ്പോർട്ടുണ്ട്.

വിഡിയോ പ്ലാറ്റ്ഫോമായ യുട്യൂബ്, ഗൂഗിൾ ഡ്രൈവ്, പ്ലേ സ്റ്റോർ, വെബ്സൈറ്റ്, കോൺടാക്ട്സ്, ഡോക്സ് തുടങ്ങിയവയ്ക്കുൾപ്പെടെ പ്രശ്നം കാണിച്ചിരുന്നു. വൈകിട്ട് 5.42ന് യുട്യൂബുമായി ബന്ധപ്പെട്ട് 24,000ലേറെ കേസുകളും ജിമെയിലിന് 11,000ലേറെ കേസുകളും റിപ്പോർട്ട് ചെയ്തതായി ഡൗൺഡിറ്റക്ടർ രേഖ പറയുന്നു. പ്രശ്നമുള്ളതായും പരിശോധിക്കുന്നതായും യുട്യൂബ് ട്വീറ്റ് ചെയ്തു. ടെക് ഭീമനായ ഗൂഗിളിന്റെ സേവനം ആഗോള തലത്തിൽ ഒരു മണിക്കൂറോളം തടസ്സപ്പെട്ടതിന്റെ യഥാർഥ കാരണത്തെപ്പറ്റി ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

pathram desk 2:
Leave a Comment