കോവിഡ് രോഗികള്‍ക്ക് ദീര്‍ഘകാലത്തേക്ക് ശ്വാസംമുട്ടലും ക്ഷീണവും ഉണ്ടാകുന്നതിനു പിന്നില്‍?

കോവിഡ്19 മുക്തരായവരില്‍ ദീര്‍ഘകാലത്തേക്ക് ശ്വാസകോശ പ്രശ്‌നങ്ങളും ക്ഷീണവും ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍. കോവിഡ് ബാധിച്ച് മരണപ്പെട്ട രോഗികളുടെ ആന്തരാവയവ പരിശോധനയാണ് ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകരെ ഈ കണ്ടെത്തലിലേക്ക് നയിച്ചത്.

ഇറ്റലിയിലെ ട്രിസ്‌റ്റേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കോവിഡ്19 ബാധിച്ച് മരിച്ച 41 പേരുടെ ശ്വാസകോശം, ഹൃദയം, കരള്‍, കിഡ്‌നി എന്നീ അവയവങ്ങളുടെ സാംപിളുകളാണ് പരിശോധിച്ചത്. സാധാരണ ശ്വാസകോശ ഘടനയെ മാറ്റിമറിക്കും വിധത്തില്‍ വലിയ തോതിലുള്ള നാശം ഈ രോഗികളുടെ ശ്വാസകോശങ്ങള്‍ക്ക് കോവിഡ് ഉണ്ടാക്കിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

മരണപ്പെട്ടവരില്‍ 90 ശതമാനം പേരുടെ ശ്വാസകോശത്തിന് രണ്ട് പ്രധാന മാറ്റങ്ങള്‍ കൂടി സംഭവിച്ചതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഒന്നാമതായി ഇവരുടെ ശ്വാസകോശ ധമനികളിലെയും ഞരമ്പുകളിലെയും രക്തം വ്യാപകമായി കട്ട പിടിച്ചിരുന്നു. ത്രോംബോസിസ് എന്നാണ് ഈയവസ്ഥയ്ക്ക് പേര്. രണ്ടാമതായി നിരീക്ഷിക്കപ്പെട്ട കാര്യം ശ്വാസകോശ കോശങ്ങള്‍ അസാധാരണമായ വലുപ്പവും നിരവധി ന്യൂക്ലിയകളുമുള്ളതായി കാണപ്പെട്ടു എന്നതാണ്. നിരവധി കോശങ്ങള്‍ ലയിച്ച് വലിയ കോശങ്ങളുണ്ടാവുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കൊറോണ വൈറസിന്റെ മുന പോലെയുള്ള പ്രോട്ടീനുകളാണ് ഈ കോശ ലയനത്തിന് പിന്നിലെന്ന് കരുതുന്നു.

ശ്വാസകോശത്തിലെ കോശങ്ങളിലും രക്തധമനികളുടെ ഭിത്തികളിലുള്ള കോശങ്ങളിലും വൈറല്‍ ജീനോം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നതായും ഈ പരിശോധനയില്‍ കണ്ടെത്തി. കോശങ്ങള്‍ ലയിച്ചുണ്ടായ വലിയ രോഗബാധിത കോശങ്ങള്‍ ശ്വാസകോശത്തിന് ഘടനാപരമായ മാറ്റമുണ്ടാക്കുമെന്നും ഇത് ആഴ്ചകളും മാസങ്ങളും നീണ്ടു നിന്ന് ദീര്‍ഘകാല കോവിഡിന് ഇടവരുത്തുമെന്നുമാണ് അനുമാനം.

എന്നാല്‍ ശ്വാസകോശം ഒഴിച്ചുള്ള മറ്റ് അവയവങ്ങളില്‍ ഇത്തരത്തിലൊരു അതിദീര്‍ഘ അണുബാധ ഗവേഷകര്‍ക്ക് കാണാന്‍ സാധിച്ചില്ല. കോശങ്ങളുടെ ലയനത്തിന് കാരണമാകുന്ന വൈറസ് സ്‌പൈക് പ്രോട്ടീനുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്ന മരുന്നുകള്‍ക്കായുള്ള അന്വേഷണത്തിലാണ് ഇവിടുത്തെ ഗവേഷകര്‍.

ലാന്‍സെറ്റിന്റെ ഇബയോമെഡിസിന്‍ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ലണ്ടന്‍ കിങ്‌സ് കോളജിനും ട്രീസ്‌റ്റേ സര്‍വകലാശാലയ്ക്കും പുറമേ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക് എന്‍ജിനീയറിങ്ങ് ആന്‍ഡ് ബയോളജിയും ഗവേഷണത്തില്‍ പങ്കെടുത്തു.

pathram desk 1:
Leave a Comment