പൊലീസുകാരും ഡോക്ടര്‍മാരും ബിസിനസുകാരും ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് സംസ്ഥാനത്ത്’പെണ്‍കെണി’ വര്‍ദ്ധിക്കുന്നു; ഉന്നതോദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകള്‍ വഴിയും പണം തട്ടല്‍

കൊച്ചി: പൊലീസുകാരും ഡോക്ടര്‍മാരും വന്‍കിട ബിസിനസുകാരും ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്കില്‍ ‘പെണ്‍കെണി’ വ്യാപകമാകുന്നുവെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പു നല്‍കി. ‘പെണ്‍കെണി’യില്‍ പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ സംസ്ഥാനത്തുണ്ട്.

ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ശേഷം വിഡിയോ ചാറ്റ് നടത്തി ഇരയെ വീഴ്ത്തും. തുടര്‍ന്നു ചാറ്റ് ചെയ്ത സ്ത്രീ അപ്രത്യക്ഷയാകും. പുരുഷന്മാരാണ് പിന്നീടു വിലപേശുക. ചാറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെടും. മാനക്കേടോര്‍ത്ത് ആരും പരാതി നല്‍കാറില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം ഫെയ്‌സ്ബുക്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളടക്കം ദുരുപയോഗിച്ച് അക്കൗണ്ടുകളുണ്ടാക്കി പണം തട്ടാന്‍ വ്യാപക ശ്രമം. ഒട്ടേറെ പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം നടന്നതായി സൈബര്‍ പൊലീസ് കണ്ടെത്തി.

സമൂഹത്തില്‍ മാന്യരും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരുമായ വ്യക്തികളുടെ അക്കൗണ്ടുകള്‍ ഉണ്ടാക്കി അവരുടെ ഫ്രണ്ട്‌സ് പട്ടികയില്‍ പെട്ടവരോട് അത്യാവശ്യമായി പണം അയച്ചുതരാന്‍ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ അക്കൗണ്ടുകളാണുണ്ടാക്കുക.

രാജസ്ഥാന്‍, ബിഹാര്‍, അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് അക്കൗണ്ടുകള്‍ നിര്‍മിച്ചതെന്ന് സൈബര്‍ പൊലീസും സൈബര്‍ ഡോമും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ജംതാരയില്‍ ഇത്തരം തട്ടിപ്പുകാര്‍ ഒട്ടേറെയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ടെന്നു സൂചന ലഭിച്ചു. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞാലും പണം തിരിച്ചുകിട്ടാന്‍ വഴിയില്ലെന്നു പൊലീസ് പറയുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചു നേരത്തേ സൈബര്‍ സെല്ലില്‍ നേരിട്ടു പരാതി നല്‍കാമായിരുന്നു. ഇപ്പോള്‍ അതതു പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്. സ്റ്റേഷനില്‍ കേസെടുത്ത ശേഷം സൈബര്‍ പൊലീസിനു കൈമാറും. ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരു ആഴ്ചയിലധികമെടുക്കും.

pathram:
Related Post
Leave a Comment