മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ്; കൂടുതല്‍ ജനപ്രതിനിധികളിലേക്കും രോഗം പകരുന്നു

തിരുവനന്തപുരം: മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു.

രാവിലെ ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നേരത്തെ അദ്ദേഹത്തിന്റെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എം എൽ എയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.

ധനമന്ത്രി തോമസ് ഐസക്കിന് ആയിരുന്നു സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മന്ത്രി. പത്തു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് സെപ്റ്റംബർ 15ന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു.

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ച് ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു വ്യവസായമന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിൽ ഇരിക്കെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിരുന്നു.

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെ ചികിത്സയിലാണ്. പനിയും തൊണ്ടവേദനയും അടക്കമുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.

അടൂർ എം എൽ എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞദിവസം ആയിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. എം എൽ എയുടെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും രോഗം സ്ഥിരീകരിച്ചതിനൊപ്പം അദ്ദേഹത്തിന്റെ പിഎയ്ക്കും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഫേസ്ബുക്കിലൂടെയാണ് തനിക്ക് കോവിഡ് പോസിറ്റീവ് ആയ കാര്യം ചൊവ്വാഴ്ച പേരാവൂർ എം എൽ എ സണ്ണി ജോസഫ് അറിയിച്ചത്. ആന്റിജൻ പരിശോധനയിലാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.

pathram:
Leave a Comment