പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നന്നാക്കേണ്ട; നന്നാക്കേണ്ട

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ അനുമതി നല്‍കണമെങ്കില്‍ അവ നന്നാക്കണമെന്ന നിബന്ധന മോട്ടോര്‍വാഹന വകുപ്പ് തിരുത്തി. അപ്രായോഗിക നിര്‍ദേശത്തിനു കാരണമായ ഓണ്‍ലൈന്‍ സംവിധാനം ഒഴിവാക്കി നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍, വാഹനം പൊളിക്കാനുള്ള (ആര്‍.സി. സറണ്ടര്‍) അപേക്ഷകള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. ടാക്‌സ് കുടിശ്ശികയും പെര്‍മിറ്റ്, ഫിറ്റ്‌നസ് എന്നിവ മുടക്കിയതിനുള്ള കോമ്പൗണ്ടിങ് ഫീസും അടയ്ക്കണം. ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് ടെസ്റ്റ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമില്ല. വാഹനം പരിശോധിച്ചശേഷം പൊളിക്കാന്‍ അനുമതി നല്‍കും.

വാഹന രജിസ്‌ട്രേഷന്‍ സോഫ്റ്റ്‌വേറായ ‘വാഹനി’ലെ പിഴവാണ് നേരത്തേ വാഹന ഉടമകളെ വലച്ചത്. എല്ലാ രേഖകളും കൃത്യമാണെങ്കില്‍മാത്രമേ ‘വാഹനി’ല്‍ അപേക്ഷ സ്വീകരിക്കൂ. ഫിറ്റ്‌നസ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് എന്നിവയുണ്ടെങ്കിലേ വാഹനം പൊളിക്കാനുള്ള അപേക്ഷ അപ്‌ലോഡ് ചെയ്യാനാകൂ.

ഉപയോഗശൂന്യമായ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ കേടുപാടുകള്‍ തീര്‍ത്ത് സാങ്കേതികപരിശോധനയ്ക്കു ഹാജരാക്കണം. ഈ ന്യൂനത ചൂണ്ടിക്കാട്ടി ‘മാതൃഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഓണ്‍ലൈന്‍ സംവിധാനം ഒഴിവാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടത്.

എന്നാല്‍, മോട്ടോര്‍വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിനെ മറ്റൊരു രീതിയിലാണ് ചിത്രീകരിച്ചത്. ‘മാതൃഭൂമി’ നല്‍കിയത് തെറ്റായ വാര്‍ത്തയാണെന്ന പോസ്റ്റാണ് ഔദ്യോഗിക പേജില്‍ പങ്കുവെച്ചത്. ഓണ്‍ലൈനില്‍ പിഴവുണ്ടായ കാര്യം ഒളിച്ചുവെക്കുകയും ചെയ്തു. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചെന്ന കമ്മിഷണറുടെ പത്രക്കുറിപ്പിലെ പ്രസക്തഭാഗം ഒഴിവാക്കുകയും ചെയ്തു. സംഭവം വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു.

pathram:
Related Post
Leave a Comment