പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ ഉടമയുടെ രണ്ടുമക്കള്‍ പിടിയില്‍

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ ഉടമയുടെ രണ്ടുമക്കള്‍ പിടിയായി. ഡല്‍ഹി വിമാനത്താവളം വഴി കടക്കാന്‍ ശ്രമിക്കവെ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. റിനു സ്ഥാപനത്തിന്റെ സിഇഒയാണ്. റിയ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം കോന്നി വകയാറിലുള്ള ആസ്ഥാനത്ത് ജപ്തി നടപടികള്‍ ആരംഭിച്ചു. നിക്ഷേപകര്‍ക്ക് ഈട് നല്‍കണമെന്നു കാട്ടി പത്തനംതിട്ട സബ് കോടതി സ്ഥാപനത്തില്‍ നോട്ടിസ് പതിച്ചു. രാവിലെ പത്തിനാണ് കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്. തൊട്ടുപിന്നാലെ കോടതിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നോട്ടിസ് പതിച്ചു. വിവിധ ജില്ലകളില്‍ നിന്ന് പ്രതിഷേധവുമായി നിക്ഷേപകരും സ്ഥാപനത്തിനുമുന്നില്‍ നിരന്നു.

പണം നഷ്ടമായവര്‍ പ്രത്യക്ഷസമരത്തിനിറങ്ങി. നാളെ ഓഫിസിനുമുന്നില്‍ നിക്ഷേപകര്‍ മാര്‍ച്ചും ധര്‍ണയും നടത്തും. സാമ്പത്തിക തട്ടിപ്പുകേസ് അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘംമാണ് അന്വേഷിക്കുന്നത്. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തി എന്നാണ് പ്രാഥമിക കണ്ടെത്തല്‍. വിവിധ സ്റ്റേഷനുകളിലായി മുന്നൂറില്‍പ്പരം പരാതികളാണ് ലഭിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പ്രവര്‍ത്തനം സ്തംഭിച്ച പോപ്പുലര്‍ ഫിനാന്‍സ്, സബ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും.പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്‌സ്‌പോര്‍ട്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്, മാനേജിങ് പാര്‍ട്‌നര്‍ തോമസ് ഡാനിയേല്‍, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ് എന്നീ പേരിലാണ് പാപ്പര്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി അംഗീകരിച്ചാല്‍ രാജ്യത്തെ നിയമ നടപടികളില്‍ നിന്ന് സ്ഥാപന ഉടമകള്‍ക്ക് സംരക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ സ്വത്തുവകകള്‍ ജപ്തി ചെയ്തു നിക്ഷേപകര്‍ക്ക് കോടതി വഴി തുക വിതരണം ചെയ്യും

pathram:
Leave a Comment