തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ജില്ലാ ഭരണകൂടം. പ്രതിരോധം ശക്തമാക്കാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. രോഗവ്യാപന സാധ്യത കൂടുതലുള്ള അഞ്ച് ക്ലസ്റ്ററുകളിലായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. രോഗലക്ഷണമുള്ളത് 15 ശതമാനം പേര്‍ക്കാണെന്നും സമൂഹവ്യാപനം തടയാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും കലക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 95 ശതമാനം പേരും സമ്പര്‍ക്കരോഗബാധിതരാണ്. നിലവില്‍ 29 ക്ലസ്റ്ററുകളുണ്ട്. 14 എണ്ണത്തല്‍ നൂറിലധികം രോഗികളുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് രോഗവ്യാപനം രൂക്ഷമാണ്. ഇന്നലെ 182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മിക്ക ദിവസങ്ങളിലും 200നും 500നും ഇടയില്‍ ആളുകള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12,873 പേര്‍ക്കാണ് ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7415 പേര്‍ രോഗമുക്തി നേടി. 63 പേര്‍ മരിച്ചു.

pathram:
Leave a Comment