തീപ്പിടിത്തം സ്വര്‍ണക്കടത്തിലെ തെളിവ് നശിപ്പിക്കാന്‍- ചെന്നിത്തല

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. കത്തിനശിച്ച ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോള്‍ ഓഫീസറോടാണ്.

പ്രധാനപ്പെട്ട ഫയലുകളൊന്നും നശിച്ചിട്ടില്ല- അഡീഷണല്‍ സെക്രട്ടറി

പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞു. ഇന്നലെ പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാര്‍ എല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ജീവനക്കാര്‍ മാത്രമാണ് ഇന്ന് ജോലിക്ക് എത്തിയിരുന്നത്. കമ്പ്യൂട്ടറില്‍നിന്നുള്ള ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു.

pathram:
Leave a Comment