73 ദിവസത്തിനകം കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തില്ല

ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് കോവിഡ് വാക്‌സീനായ ‘കോവിഷീൽഡ്’ നിർമിക്കാനും ഭാവിയിലെ ഉപയോഗത്തിനായി സംഭരിക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നു പുണെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട്. പരീക്ഷണങ്ങൾ വിജയകരമാണെന്ന് തെളിയിക്കപ്പെട്ട്, ആവശ്യമായ അനുമതികൾ ലഭിച്ചു കഴിഞ്ഞാൽ മാത്രമായിരിക്കും കോവിഷീൽഡിന്റെ വാണിജ്യോൽപാദനം ആരംഭിക്കുകയെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച പരീക്ഷണ വാക്സിൻ 73 ദിവസത്തിനുള്ളിൽ പൊതുവിപണിയിൽ ലഭ്യമാകുമെന്ന ചില റിപ്പോർട്ടുകളെ തുടർന്നാണു വിശദീകരണം. അഡെനോവൈറസിന്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനെക്കയും ചേർന്നു വാക്സീൻ‌ വികസിപ്പിച്ചത്. മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കുകയാണ്. ഇതു രോഗപ്രതിരോധശേഷി നൽകുന്നതും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ ഔദ്യോഗികമായി വാക്സീന്റെ ലഭ്യതയെക്കുറിച്ചു പറയാനാവൂയെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കൂടുതൽ പരീക്ഷണങ്ങൾ വരുംദിവസങ്ങളിൽ ആരംഭിക്കും. അതിനിടെ, ഇന്ത്യയിലും വിദേശത്തുമുള്ള വാക്സീൻ പരീക്ഷണ വിവരങ്ങൾ അറിയിക്കാനായി ഓൺലൈൻ പോർട്ടൽ വികസിപ്പിക്കുമെന്ന് ഐസിഎംആർ അറിയിച്ചു. ഇംഗ്ലിഷിനു പുറമെ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും. വാക്സീനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു പ്ലാറ്റ്ഫോമിൽ നൽകുകയാണു വെബ്‌സൈറ്റിന്റെ ലക്ഷ്യമെന്ന് ഐസി‌എം‌ആറിലെ എപ്പിഡെമിയോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് മേധാവി സമീരൻ പാണ്ട പറഞ്ഞു.

pathram:
Related Post
Leave a Comment