ദിഷ സാലിയന്റെ മരണവുമായി ആദിത്യക്ക് താക്കറെയ്ക്ക് ബന്ധമെന്ന് ആരോപണം; രാഷ്ട്രീയ പോര് മുറുകുന്നു

മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ സിബിഐ അന്വേഷണം സുപ്രീംകോടതി ശരിവച്ചതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി നീക്കമെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയായാണ് പ്രതിപക്ഷം വിഷയത്തെ ഉയര്‍ത്തിക്കാട്ടുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടിയ മുംബൈ കോര്‍പ്പറേഷന്റെ പുതിയ മാര്‍ഗനിര്‍ദേശം സിബിഐ സംഘത്തിന് തടസമാകുമൊയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറയെ ലക്ഷമിട്ടാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപക പ്രചാരണം.

സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണവുമായി ആദിത്യക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ദിഷയുടേത് ആത്മഹത്യയാണെന്ന ഉറച്ച നിഗമനത്തിലാണ് കുടുംബം. പക്ഷെ സുശാന്തുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സിബിഐ അന്വേഷിക്കുന്നതോടെ ദിഷയുടെ ആത്മഹത്യയും സിബിഐയുടെ അന്വേഷണപരിധിയില്‍ വരും. മുംബൈ പൊലീസിന്റെ അന്വേഷണം സിബിഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട് പവാര്‍ കുടുംബത്തിലുണ്ടായ ഭിന്നതയാണ് ഭരണമുന്നണിയുടെ മറ്റൊരു തലവേദന. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ശരദ് പവാറിന്റെ നിലപാടിനോട് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാര്‍ വിയോജിപ്പറിയിച്ചിരുന്നു.

ഇന്നലെ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സത്യമേവ ജയതേ എന്നാണ് പാര്‍ഥ് ട്വീറ്റ് ചെയ്തത്. ഇതോടെ, മഹാരാഷ്ട്ര സര്‍ക്കാരിന്റെ നില പരുങ്ങലിലാണെന്ന പ്രചാരണം ബിജെപി ക്യാംപ് ശക്തമാക്കിയിട്ടുണ്ട്. അതേസമയം, സിബിഐ അന്വേഷണസംഘം ഉടന്‍ മുംബൈയിലെത്തുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സംസ്ഥാനത്തെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെ കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ് വേണമെങ്കില്‍ നേരത്തെ അപേക്ഷിക്കണമെന്ന് ബിഎംസി ഉത്തരവിറക്കിയിട്ടുണ്ട്. ഇതില്‍ സിബിഐ സ്വീകരിച്ച നടപടികള്‍ വ്യക്തമല്ല. മുംബൈയില്‍ എത്തുന്ന മുറയ്ക്ക് സിബിഐ സംഘം സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ ആകും ആദ്യം ചോദ്യം ചെയ്യുക

pathram:
Leave a Comment