കൊറോണ വൈറസ് കൂടുതലായും പടരുന്നത് ചെറുപ്പക്കാരിലൂടെ; മുന്നറിയിപ്പുമായി WHO

ജനീവ: കൊറോണ വൈറസിന്റെ പ്രധാനവാഹകര്‍ ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്.

ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ആരംഭത്തില്‍ വളരെക്കുറച്ച് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ സമീപ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നിരുന്നു.

ഫെബ്രുവരി 24 മുതല്‍ ജൂലായ് 24 വരെ നടത്തിയ പഠനത്തില്‍ ഏകദേശം 20 വയസ്സുമുതല്‍ 40 വയസ്സുവരെയുളളവര്‍ക്ക് കോവിഡ് ബാധിക്കുന്നത് വ്യാപകമായതായും ഇവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നതായും കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ സമീപ ആഴ്ചകളില്‍ സ്ഥിരീകരിച്ച കേസുകളില്‍ ഭൂരിഭാഗവും നാല്‍പതില്‍ താഴെ പ്രായമുളളവര്‍ക്കാണ്. ജപ്പാനില്‍ അടുത്തകാലത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 65 ശതമാനവും 40 വയസ്സിന് താഴെയുളളവരാണ്.

ചെറുപ്പക്കാര്‍ക്ക് രോഗബാധയുണ്ടാകുന്നുവെങ്കിലും ഇവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തതിനാല്‍ പലരും തങ്ങള്‍ വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്നില്ല. രോഗബാധിതനാണെന്നറിയാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പ്രായമായവരുടെ അടുത്തും ഇടപഴകുന്നതിനാല്‍ അപകടസാധ്യത വര്‍ധിക്കുകയാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.

pathram:
Leave a Comment