നയതന്ത്ര പാഴ്‌സല്‍ വിഭാഗത്തില്‍ ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല

തിരുവനന്തപുരം: നയതന്ത്ര പാഴ്‌സല്‍ വിഭാഗത്തില്‍ ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം കസ്റ്റംസിനെ അറിയിച്ചു. കസ്റ്റംസിന്റെ സമന്‍സിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ വരുമ്പോള്‍ നികുതിയിളവിനായി സര്‍ട്ടിഫിക്കറ്റ് വേണ്ടതുണ്ടോ? ഇത് വിശദമാക്കുന്ന ഹാന്‍ഡ്ബുക്കിന്റെ പകര്‍പ്പ്; 2019 മുതല്‍ 2021 വരെയുളള കാലത്ത് എത്രതവണ ഇളവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്? ഇതിന്റെ പകര്‍പ്പ് എന്നിവയിലാണ് കസ്റ്റംസ് വിശദീകരണം തേടിയിരുന്നത്.

ഇതിനുളള മറുപടിയായാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം നല്‍കിയത്. 2019 മുതല്‍ 21 വരെയുളള കാലഘട്ടത്തില്‍ ഇളവ് സര്‍ട്ടിഫിക്കറ്റിനായി യുഎഇ കോണ്‍സുലേറ്റോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു.

നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ നികുതി ഇളവ് ലഭിക്കുന്നതിനായി 20 ലക്ഷത്തിന് മുകളില്‍ മൂല്യം വരുന്ന പാക്കേജാണെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും 20 ലക്ഷത്തില്‍ താഴെയാണെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെയും രേഖാമൂലമുളള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇക്കാര്യം 2018-ലെ പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പും കസ്റ്റംസിന് നല്‍കിയിട്ടുണ്ട്.

ഇമെയില്‍ മുഖാന്തരവും സ്പീഡ്‌പോസ്റ്റ് വഴിയുമാണ് കസ്റ്റംസിന് മറുപടി നല്‍കിയിരിക്കുന്നത്. എന്‍.ഐ.എയും സമാനമായ രീതിയില്‍ സമന്‍സ് അയച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്‍.ഐ.എയ്ക്കുളള മറുപടി ഇന്നോ നാളെയോ നല്‍കാനാണ് പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ തീരുമാനം.

pathram:
Related Post
Leave a Comment