മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 142 അടിയിലെത്താതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കില്ല

മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്നാട് ഉടനെ തീരുമാനമെടുക്കാനിടയില്ലെന്ന് സൂചന. 142 അടി വരെ വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാമെന്നാണ് സുപ്രീംകോടതി വിധിയുള്ളത്. അതുകൊണ്ടുതന്നെ ജലനിരപ്പ് 136 അടി കടന്നുവെന്നതില്‍ സംഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അധികൃതര്‍ കരുതുന്നത്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി കടന്നെന്നും അധിക ജലം ഉടനെതന്നെ വൈഗൈ അണക്കെട്ടിലേക്ക് തിരിച്ചു വിടണമെന്നും കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ സുപ്രീംകോടതി വിധിയാണ് അടിസ്ഥാന ഘടകമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്.

അധിക ജലം വൈഗൈ അണക്കെട്ടിലേക്ക് ഇപ്പോള്‍തന്നെ തിരിച്ചുവിടുന്നുണ്ടെന്നും തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ 2,000 ക്യസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് വൈഗൈയിലേക്ക് ഒഴുക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ നിലയത്തില്‍ നിന്നുള്ള പ്രവചനവും മുല്ലപ്പെരിയാറിലെ ജലനിരപ്പും കണക്കിലെടുത്താവും അണയുടെ ഷട്ടറുകള്‍ തുറക്കുകയെന്ന് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇപ്പോള്‍ ചെന്നൈയിലില്ല. തിങ്കളാഴ്ച വൈകുന്നേരത്തോടെ മുഖ്യമന്ത്രി ചെന്നൈയിലെത്തും. നിലവില്‍ കല്ലക്കുറിച്ചി ജില്ലയിലുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയാലുടനെ തമിഴ്നാട് കേരള സര്‍ക്കാരിന് മറുപടി നല്‍കുമെന്നാണറിയുന്നത്.

2018 ല്‍ ജലനിരപ്പ് 142 അടി കടന്നപ്പോഴാണ് തമിഴ്നാട് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നത്.

pathram:
Leave a Comment