തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം സിബിഐ പരിശോധിക്കുന്നു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നു. എയർ പോർട്ട് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചിരിക്കാം എന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണം സിബിഐ നടത്തിയിട്ടുണ്ട്. ഇതിനിടെ സ്വർണക്കടത്ത് കേസ് ആദായ നികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. പ്രതി സ്വപ്‌ന സുരേഷിന്റെ കൈവശം കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തിയ സാഹചര്യത്തിലാണിത്.

സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തിയ സഹചര്യത്തിലാണ് ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റും ഇടപെടുന്നത്. സ്വപ്‌ന ആദായ നികുതി അടച്ചിരുന്നില്ലെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇത് പ്രത്യേക എൻഐഎ കോടതിയിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതും ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ഇടപെടലിന് കാരണമായിട്ടുണ്ട്.

മാത്രമല്ല, കള്ളക്കടത്തിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നോ എന്നുള്ളതാണ് കേസിൽ സിബിഐ അന്വേഷണ പരിധിയിൽ വരുന്നത്. പ്രധാനമായും എയർപോർട്ടിലുള്ള ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരിക്കാമെന്നുള്ള നിഗമനമുണ്ട് ഇതാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. സിബിഐ നിയമം അനുസരിച്ച് കേന്ദ്രസർക്കാർ ഏജൻസികൾ അന്വേഷിക്കേണ്ട കേസിൽ കേന്ദ്ര സർക്കാറിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥർ വഴിവിട്ട സാഹായങ്ങളോ മറ്റോ നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിന് അവർക്ക് അധികാരമുണ്ട്. അതിൻ പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്.

അതേസമയം, മുഹമ്മദ് അലി, മുഹമ്മദ് ഇബ്രാഹിം എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടികളും എൻഐഎ തുടങ്ങി. ഇന്നലെ ഇവരെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. റമീസുമായി അടുത്ത ബന്ധമുള്ളവരാണിവർ. ഇതിൽ മുഹമ്മദ് അലി കൈവെട്ടു കേസിൽ ആരോപണ വിധേയൻ കൂടിയായിരുന്നു.
നിലവിൽ എൻഐഎ സംഘം തിരുവനന്തപുരത്ത് തുടരുകയാണ്. ഹെതർ ഫ്‌ളാറ്റിലും രണ്ട് ഹോട്ടലുകളിലും ഇന്നും എൻഐഎ സംഘത്തിന്റെ പരിശോധന നടക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment