പിറന്നാളിന് തൊട്ടുമുന്‍പ് പൃഥ്വി പോയി; ചായ കൊടുക്കാന്‍ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല

അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന്‍ യാത്രയായത് പിറന്നാളിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏക മകന്‍ പൃഥിരാജ് ആണു മരിച്ചത്. കോയിന്‍ വിഴുങ്ങി 6 മണിക്കൂറിനിടെ 3 ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്ന് അമ്മയും ബന്ധുക്കളും ആരോപിക്കുന്നു. അതേസമയം, ചികിത്സപ്പിഴവില്ലെന്ന് മൂന്ന് ആശുപത്രി അധികൃതരും പറയുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും.

മൂന്നാം പിറന്നാളിന് 8 ദിവസം മാത്രം ബാക്കി നിൽക്കെയാണു പൃഥ്വിരാജിന്റെ മരണം. കൊല്ലം പൂത്താക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിൽ സുനിലിന്റെയും യശോദയുടെയും മകളാണു നന്ദിനി. ബെംഗളൂരുവിൽ സ്വകാര്യ കമ്പനി സൂപ്പർവൈസറാണു രാജ്. കോവിഡ് വ്യാപന മേഖലയായതിനാൽ ഇന്നു കൊല്ലത്തു നടത്തുന്ന സംസ്കാരത്തിനു പോകാനുമാകില്ല.

ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലും കുട്ടിയെ എത്തിച്ചെങ്കിലും നാണയം തനിയെ പുറത്തുപൊയ്ക്കൊള്ളുമെന്നു പറഞ്ഞ് ഡോക്ടർമാർ ചികിത്സിച്ചില്ലെന്നാണു പരാതി. കണ്ടെയ്ൻമെന്റ് സോണിൽനിന്ന് എത്തിയതിനാലാണ് ആലപ്പുഴയിൽ നിരീക്ഷണത്തിൽ വയ്ക്കാതെ തിരിച്ചയച്ചതെന്നും ആരോപണമുണ്ട്. മരണശേഷമുള്ള പരിശോധനയിൽ കോവിഡ് ഫലം നെഗറ്റീവാണ്.

ആരോഗ്യ സെക്രട്ടറി രാജൻ ഖൊബ്രഗഡെയോട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ നിർദേശിച്ചെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മൂന്ന് ആശുപത്രികളുടെയും സൂപ്രണ്ടുമാർ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും പീഡിയാട്രിക് സർജനില്ലായിരുന്നു. പഴവും ചോറും കഴിച്ചാൽ തനിയെ പോകുമെന്നാണ് ആലുവയിലെ ഡോക്ടർ പറഞ്ഞത്. ചികിത്സ ആവശ്യമില്ലെന്ന അനുമാനത്തിൽ പിഴവില്ല. നാണയം ആമാശയത്തിലെത്തിയതായി ആലുവയിലെയും ആലപ്പുഴയിലെയും എക്സ്റേയിൽ വ്യക്തം. തൊണ്ടയിലോ ശ്വാസനാളത്തിലോ തങ്ങാതെ നാണയം വയറ്റിലെത്തിയാൽ വിസർജന വേളയിൽ പുറത്തുപോകാൻ സമയം നൽകുകയാണു ചെയ്യുക. മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരണം.

pathram:
Leave a Comment