സുശാന്തിന്റെ മരണം: ബീഹാർ പൊലീസ് മുംബൈയിൽ; നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചേക്കും, സ്റ്റേ തേടി റിയ ചക്രവർത്തി

ന്യൂഡൽഹി/മുംബൈ• നടൻ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസിൽ തനിക്കെതിരെ പട്ന പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നും അവിടത്തെ കേസ് മുംബൈയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു മുൻ കാമുകി റിയ ചക്രവർത്തി സുപ്രീംകോടതിയിൽ. റിയയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു സുശാന്തിന്റെ പിതാവാണു പട്നയിൽ പരാതി നൽകിയത്. തുടർന്ന്, അന്വേഷണത്തിനായി പൊലീസ് സംഘം മുംബൈയിലെത്തുകയും ചെയ്തിട്ടുണ്ട്.

അന്ധേരിക്കടുത്ത് വെർസോവയിൽ താമസിക്കുന്ന സുശാന്തിന്റെ സഹോദരിയെ ബിഹാറിൽ നിന്നുള്ള നാലംഗ അന്വേഷണസംഘം സന്ദർശിച്ചു മൊഴിയെടുത്തു. നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചേക്കും. ‌കേസിൽ മുംബൈ പൊലീസിന് ഇതുവരെയും തുമ്പുണ്ടാക്കാൻ ആയിട്ടില്ല. സുശാന്തിന്റെ പണം റിയയും കുടുംബവും തട്ടിയെടുത്തെന്നും മാനസ്സികമായി പീഡിപ്പിക്കുകയായിരുന്നെന്നുമാണ് നടന്റെ പിതാവിന്റെ ആരോപണം.

അതേസമയം‘സത്യം ജയിക്കും’-നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ഡെ ഇന്നലെ ട്വിറ്ററിൽ ഷെയർ ചെയ്ത ചിത്രത്തിലെ വാക്കുകളാണിത്. ‘പവിത്ര് രിഷ്ത’ ടെലിവിഷൻ സീരിയലിൽ സുശാന്തിന്റെ സഹതാരമായിരുന്ന അങ്കിത ദീർഘകാലം സുശാന്തുമായി പ്രണയത്തിലായിരുന്നു. ഇപ്പോൾ സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്ക് എതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് നടന്റെ പിതാവ് പട്ന പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് അങ്കിതയുടെ ജിജ്ഞാസ ഉണർത്തുന്ന പോസ്റ്റ്. 6 വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2016 ആണ് ഇരുവരും അകന്നത്.

pathram desk 1:
Related Post
Leave a Comment