കോവിഡ് രോഗികള്‍ക്ക് ഇനി ചികിത്സ വീട്ടില്‍ തന്നെ; സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.

ആദ്യ ഘട്ടത്തില്‍ കോവിഡ് രോഗികളായ ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ ചികിത്സിക്കുക. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ രേഖാമൂലം അപേക്ഷ നല്‍കണം. രോഗം സ്ഥിരീകരിച്ച് പത്താം ദിവസം ആന്റിജന്‍ പരിശോധന നടത്തും. പരിശോധനയില്‍ നെഗറ്റീവായാലും ഒരാഴ്ച വീട്ടില്‍ ക്വാറന്റീനില്‍ തുടരണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നാല്‍ തൊട്ടടുത്ത് ചികിത്സാ കേന്ദ്രങ്ങളുണ്ടെങ്കില്‍ രോഗലക്ഷണമില്ലാത്തവരെ വീട്ടില്‍ തന്നെ ചികിത്സിക്കുന്ന കാര്യം പരിഗണനയിലാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കിയിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്.

അതിനിടെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ പുതുതായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ഏറ്റവും അപകടകരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്. കോവിഡ് മഹാമാരിയുടെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള റിവേഴ്‌സ് ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വയോജനങ്ങള്‍ വീടുകളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും സുരക്ഷിതരായി കഴിയേണ്ടതാണ്. ഇപ്രകാരം കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുമായാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

1800 425 2147 എന്ന നമ്പരില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വിളിക്കാവുന്നതാണ്. സാമൂഹ്യനീതി വകുപ്പിന്റെ ലിസ്റ്റ് പ്രകാരം അങ്ങോട്ട് വിളിച്ചും വയോജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതാണ്. വയോജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞ് ആരോഗ്യ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടേയും സഹായത്തോടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പ് വരുത്തുന്നു. സൈക്കോ സോഷ്യല്‍ പരിപാടിയുടെ ഭാഗമായി കൗണ്‍സിലര്‍മാരുടെ സേവനവും ലഭ്യമാക്കുന്നു.

pathram:
Leave a Comment