സുശാന്തിന്റെ മരണം: അന്വേഷണം ഉന്നതരിലേക്ക്…

മുംബൈ: യുവനടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്. തിങ്കളാഴ്ച പോലീസ് മുതിര്‍ന്ന സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മൊഴിയെടുത്തു. നിര്‍മ്മാതാവും സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനുമായ കരണ്‍ ജോഹര്‍, വിവാദ പ്രസ്താവന നടത്തിയ നടി കങ്കണാ റാണത്ത് എന്നിവര്‍ക്ക് മൊഴിയെടുക്കാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. സുശാന്ത് സിംഗ് രജപുത്തിനെ സഡക് 2 സിനിമയിലേക്ക് വിളിച്ച ശേഷം തള്ളിയെന്ന വാദം മഹേഷ് ഭട്ട് തള്ളി.

രജപുത്തുമായുള്ള ബന്ധമാണ് മഹേഷ് ഭട്ടിനോട് പോലീസ് ചോദിച്ചത്. എന്നാല്‍ താന്‍ രണ്ടു തവണ മാത്രമാണ് രജപുത്തിനെ മൊത്തം കണ്ടിട്ടുള്ളൂ എന്നാണ് മഹേഷ് ഭട്ട് നല്‍കിയിരിക്കുന്ന മൊഴി. 2018 ആഗസ്റ്റിലാണ് ആദ്യം കണ്ടത്. അതിന് ശേഷം രജപുത്തിനെ പ്രകീര്‍ത്തിച്ച് മഹേഷ്ഭട്ട് ട്വിറ്ററില്‍ പോസ്റ്റുമിട്ടു. രണ്ടാമത് കണ്ടത് ഈ ജനുവരിയിലായിരുന്നു. താന്‍ സിനിമയുമായി ബന്ധപ്പെട്ടോ ഏതെങ്കിലും സിനിമയില്‍ വേഷം നല്‍കുന്നതിനേക്കുറിച്ചോ സുശാന്തുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞു. ആദ്യം കണ്ടപ്പോള്‍ ആ സമയത്ത് എഴുതിക്കൊണ്ടിരുന്ന പുസ്തകത്തെപ്പറ്റിയായിരുന്നു ചര്‍ച്ച. രണ്ടാമത്തെ കൂടിക്കാഴ്ച രജപുത്തിന്റെ വീട്ടില വെച്ച് കാമുകി റിയാ ചക്രവര്‍ത്തിയുടെ സാന്നിദ്ധ്യത്തിലും ആയിരുന്നു.

തന്റെ സഡക് – 2 സിനിമയ്ക്ക് വേണ്ടി സുശാന്ത് സിംഗ് രജപുത്തിനെ നായകനാക്കാന്‍ ആലോചിച്ചിരുന്നതായുള്ള വാര്‍ത്തകളും മഹേഷ്ഭട്ട് തള്ളി. സിനിമയില്‍ അറിയപ്പെടുന്ന താരങ്ങള്‍ക്കേ അവസരം നല്‍കാറുള്ളൂ എന്ന് ചിലര്‍ മഹേഷിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണത്തോടും പ്രതികരിച്ചു. തന്റെ നിര്‍മ്മാണ കമ്പനിയായ വിശേഷ് പുതുമുഖങ്ങള്‍ക്കൊപ്പം മാത്രമേ ജോലി ചെയ്യാറുള്ളൂ എന്നും പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ കരണ്‍ ജോഹറിന്റെ മൊഴിയെടുക്കും. ഒരു സിനിമയിലേക്ക് രജപുത്തിനെ കരാര്‍ ഒപ്പിടുവിച്ചിരുന്നു എന്ന വാര്‍ത്തയില്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മാ പ്രൊഡക്ഷന്‍സിന്റെ സിഇഒ അപൂര്‍വ്വ മെഹ്തയെ പോലീസ് ചോദ്യം ചെയ്തു. അടുത്ത വര്‍ഷം നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തു വിടാനിരുന്ന സിനിമയില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസായിരുന്നു നായികയായി പരഗണിച്ചിരുന്നത്. കങ്കണയ്ക്ക വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് നോട്ടീസ്.

സുശാന്ത് സിംഗിന്റെ ആന്തരീകാവയവങ്ങളുടെ പരിശോധനയും പൂര്‍ത്തിയായി. ആന്തരീകാവയവങ്ങളില്‍ വിഷത്തിന്റെ അംശം കണ്ടെത്താനായിട്ടില്ല. ഇതുവരെയുള്ള അന്വേഷണങ്ങളില്‍ സംശയിക്കപ്പെടുന്ന നിലയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസും പറയുന്നത്. അതിനിടയില്‍ ധനമന്ത്രി അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ പവാര്‍ അന്വേഷണം സിബിഐ യ്ക്ക് വിടണം എന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അനില്‍ ദേശ് മുഖിന് മുന്നിലെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഈ ആവശ്യം ഉന്നയിച്ച് അനേകം യുവാക്കള്‍ തനിക്ക കത്തെഴുതിയെന്നാണ് പാര്‍ത്ഥ പവാര്‍ പറയുന്നത്. കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും സുശാന്ത് സിംഗിന് നീതി കിട്ടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

pathram:
Related Post
Leave a Comment