5 റാഫാല്‍ എയര്‍ ക്രാഫ്റ്റുകള്‍ ഇന്ത്യയിലേക്ക്; ആകാശത്ത് നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഫ്രഞ്ച് ടാങ്കര്‍ (വീഡിയോ കാണാം)

ലോകത്തെതന്നെ ഏറ്റവും കരുത്തുറ്റ റഫാല്‍ പോര്‍വിമാനങ്ങളിൽ അഞ്ചെണ്ണം സര്‍വസജ്ജമായി ഫ്രാന്‍സില്‍നിന്ന് ഇന്ന് ഇന്ത്യയിലേക്കു യാത്ര തിരിക്കും. 29ന് ഹരിയാനയിലെ അംബാലയില്‍ വ്യോമസേനാ കേന്ദ്രത്തില്‍ എത്തുന്നതോടെ ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഫ്രാന്‍സില്‍നിന്നു നേരിട്ട് യുഎഇയിലെ ഒരു വ്യോമകേന്ദ്രത്തിലേക്കാണു വിമാനം എത്തുന്നത്. പിന്നീടാവും ഹരിയാനയിലേക്കു പറക്കുക. അതിനിടയില്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനായി ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാലിനെ അനുഗമിക്കുന്നുണ്ട്.

ഫ്രാന്‍സില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഇന്ത്യന്‍ പൈലറ്റുമാരാണ് റഫാല്‍ നാട്ടിലേക്ക് എത്തിക്കുന്നത്. എല്ലാവിധ യുദ്ധസന്നാഹങ്ങളും സജ്ജമാക്കി പോരാട്ടത്തിനു തയാറാക്കിയ വിമാനങ്ങളാണ് അംബാലയില്‍ എത്തിക്കുന്നത്. മേയില്‍ എത്തേണ്ടിയിരുന്നതാണ് വിമാനങ്ങള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു വൈകിയത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി കരാറിലേര്‍പ്പെടാന്‍ മുന്‍കൈ എടുത്ത വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയയുടെ ബഹുമാനാര്‍ഥം വിമാനത്തില്‍ ആര്‍ബി എന്നു രേഖപ്പെടുത്തും.

റഫാലിന്റെ പ്രത്യേകതകള്‍

* വിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപ.

* യുദ്ധസജ്ജമായ വിമാനത്തിനു വില 1611 കോടി.

* ഇന്ത്യയുടെ ആവശ്യാനുസരണം പുനര്‍കല്‍പന ചെയ്ത വിമാനങ്ങളാണ്. റേഞ്ച് 1055 കിലോമീറ്റര്‍.

* 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷി.

* 150 കിലോമീറ്ററിലേറെ സഞ്ചാരശേഷിയുള്ള എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ വഹിക്കാം.

* ആണവമിസൈല്‍ കൊണ്ടുള്ള ആക്രമണത്തിനും ശേഷി.

* അത്യാധുനിക റഡാര്‍ സംവിധാനം.

* ശത്രുവിന്റെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനം.

* ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള കരുത്ത്.

* ആക്രമിക്കാനെത്തുന്ന ശത്രുമിസൈലുകള്‍ വഴിതിരിച്ചു വിടും.

* ഇന്ത്യയില്‍നിന്ന് അയല്‍രാജ്യത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനാവും.

റഫാല്‍ പോര്‍വിമാനങ്ങള്‍ അതിശക്തമായ പ്രഹരശേഷിയുള്ള ഫ്രഞ്ച് ഹാമര്‍ മിസൈലുകള്‍ കൂടി ഉള്‍പ്പെടുത്തി മികവുറ്റതാക്കുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിമാനങ്ങളില്‍നിന്ന് തൊടുത്ത് 60-70 കിലോമീറ്റര്‍ ദൂരത്തുള്ള ശത്രുലക്ഷ്യങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കാന്‍ ശേഷിയുള്ളതാണ് ഹാമര്‍ മിസൈലുകള്‍.
ഹാമര്‍ (ഹൈലി എജൈല്‍ മോഡുലര്‍ മുണീഷ്യന്‍ എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച്) മിസൈല്‍ വായുവില്‍നിന്ന് ഭൂമിയിലേക്കു തൊടുക്കാവുന്ന മധ്യദൂര മിസൈലാണ്.

ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി രൂപകല്‍പന ചെയ്ത ഇതിന് മൂന്നു മീറ്റര്‍ നീളവും 330 കിലോ ഭാരവുമുണ്ട്. ഹാമര്‍ എത്തുന്നതോടെ ഏതു കഠിനമായ ഭൂപ്രദേശത്തുള്ള ശത്രു ബങ്കറുകളും പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ഇന്ത്യക്കു കഴിയും. കിഴക്കന്‍ ലഡാക്ക് ഉള്‍പ്പെടെ പര്‍വതമേഖലകളില്‍ തമ്പടിക്കുന്ന ശത്രുസൈന്യത്തെയും ഭീകരരെയും തുരത്താന്‍ ഇന്ത്യന്‍ സേനയ്ക്കു ഹാമര്‍ മിസൈലുകള്‍ കരുത്താകുമെന്നാണു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സാങ്കേതികവിദ്യാ കൈമാറ്റത്തിനു കൂടി വ്യവസ്ഥ ചെയ്തുകൊണ്ട് 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി ധാരണയിലെത്തിയിരുന്നു. ആദ്യ 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ചു കൈമാറുകയും ബാക്കിയുള്ളവ ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ കരാറിലെത്തിയില്ല.

പിന്നീട് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഇതു റദ്ദാക്കി പകരം പൂര്‍ണ ആയുധ സജ്ജമായ 36 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടുകയായിരുന്നു. ഇതോടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. വിമാനനിര്‍മാതാക്കളായ ഡാസോയുടെ ഇന്ത്യയിലെ ഓഫ്‌സെറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തതിലും വിവാദമുണ്ടായി. വിമാന നിര്‍മാണത്തിന് എച്ച്എഎല്ലിനു ലഭിക്കുമായിരുന്ന സാങ്കേതിക വിദ്യ നഷ്ടമാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ കരാറില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

ഇടപാട് സംബന്ധിച്ച നടപടിക്രമങ്ങള്‍ കോടതി കയറിയെങ്കിലും റഫാല്‍ യുദ്ധവിമാന കരാറുമായി കേന്ദ്രം മുന്നോട്ട് പോയി. 59,000 കോടി രൂപയ്ക്കു 36 വിമാനങ്ങള്‍ വാങ്ങാനാണു തീരുമാനം. ഇതില്‍ ആദ്യത്തേത് കഴിഞ്ഞ ഒക്ടോബറില്‍ വിജയദശമി ദിനത്തില്‍ ഫ്രാന്‍സില്‍ വച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഏറ്റുവാങ്ങി. 2022ന് അകം എല്ലാ വിമാനങ്ങളുമെത്തും. പാക്ക്, ചൈന വ്യോമാതിര്‍ത്തിക്കു കാവലൊരുക്കി 18 എണ്ണം വീതം ഹരിയാനയിലെ അംബാല, ബംഗാളിലെ ഹാസിമാര വ്യോമതാവളങ്ങളില്‍ നിലയുറപ്പിക്കും.

FOLLOW US: pathram online latest news

Rafale fighter aircraft to take off for India from France

pathram:
Related Post
Leave a Comment