രാജസ്ഥാനില്‍ വീണ്ടും ട്വിസ്റ്റ്‌

സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത എം‌എൽ‌എമാർക്കെതിരെ രാജസ്ഥാൻ സ്പീക്കർ സി.പി. ജോഷി സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം പുനരാരംഭിക്കാനിരിക്കെ, സ്പീക്കർ ഹർജി പിൻവലിച്ചു.

പാർട്ടി നിർദേശങ്ങൾ അവഗണിച്ചു സച്ചിനുൾപ്പെടെയുള്ള എംഎൽഎമാർ പാർട്ടി നിയമസഭാ കക്ഷി യോഗത്തിൽനിന്നു രണ്ടു തവണ വിട്ടുനിന്നു എന്നു കാണിച്ച് ചീഫ് വിപ്പ് മഹേഷ് ജോഷി സ്പീക്കർക്ക് പരാതി നൽകിയിരുന്നു. കൂറുമാറ്റ നിയമപ്രകാരം നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ വിമത എംഎൽഎമാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. മൂന്നു ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്.

ഇതിനെതിരെ സച്ചിൻ പൈലറ്റും 18 എംഎൽഎമാരും രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. വിധി വരുന്നതുവരെ നടപടി എടുക്കരുതെന്ന് ഹൈക്കോടതി സ്പീക്കറോട് അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്ന് ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ വിധി പറയുന്നതിൽനിന്നു ഹൈക്കോടതിയെ തടയാനാകില്ലെന്ന നിലപാടാണ് സുപ്രീംകോടതിയും സ്വീകരിച്ചത്. ഹർജിയിൽ കൂടുതൽ വാദം കേൾക്കാനായി ഇന്നത്തേക്കു മാറ്റുകയായിരുന്നു.

അതേസമയം, നിയമസഭാ സമ്മേളനത്തിനുള്ള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം രണ്ടാം തവണയും ഗവർണർ കൽരാജ് മിശ്ര നിരസിച്ചു. വെള്ളിയാഴ്ച നൽകിയ നിർദേശവും ഗവർണർ നിരസിച്ചിരുന്നു. അതിനിടെ, അശോക് ഗെലോട്ടിനെതിരെയുള്ള വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യാൻ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) രാജസ്ഥാനിലെ ആറ് എം‌എൽ‌എമാർക്കും വിപ്പ് നൽകി. കോണ്‍ഗ്രസിനു അനുകൂലമായി വോട്ടു ചെയ്താൽ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment