സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി; ഫൈസല്‍ ഫരീദിനെ കൊച്ചിയിലെത്തിക്കും

കൊച്ചി: നയതന്ത്ര പാഴ്‌സലില്‍ കള്ളക്കടത്തു സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചു. ഫൈസല്‍ ഫരീദിന്റെ പേരില്‍ ചില പാഴ്‌സലുകള്‍ അയച്ചത് ഇപ്പോള്‍ ദുബായിലുള്ള റബിന്‍സാണെന്ന് പിടിയിലായ ജലാല്‍ മുഹമ്മദ് മൊഴി നല്‍കി.

നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിന്‍സ്. ദുബായില്‍ ഇയാള്‍ക്കു ഹവാല ഇടപാടുകളുള്ളതായും നയതന്ത്ര പാഴ്‌സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വര്‍ണം വിറ്റഴിക്കുന്നതില്‍ പങ്കുള്ളതായും വിവരം ലഭിച്ചു.

ഫൈസല്‍ ഫരീദിനെ മുന്നില്‍ നിര്‍ത്തി, ദുബായിലെ മുഴുവന്‍ നീക്കങ്ങളും നടത്തിയതു റബിന്‍സാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു. അതേസമയം, റബിന്‍സ് എന്നത് ഇയാളുടെ യഥാര്‍ഥ പേരാണോ വിളിപ്പേരാണോയെന്നു വ്യക്തമായിട്ടില്ല.

അതേസമയം യുഎഇയില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്ന വന്ദേഭാരത് വിമാനത്തില്‍ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കും. നേരിട്ടു കൊച്ചിയിലെത്തിക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്.

വിമാനയാത്രയ്ക്കിടയില്‍ പ്രതിക്കു കോവിഡ് ബാധയുണ്ടായാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഇതുവരെ അറസ്റ്റിലായ പ്രതികള്‍ക്കാര്‍ക്കും കോവിഡ് ബാധയുണ്ടായിട്ടില്ല. പരിശോധനയില്‍ കോവിഡ് നെഗറ്റീവായ ശേഷമാണ് അന്വേഷണ സംഘം എല്ലാവരെയും കസ്റ്റഡിയില്‍ വാങ്ങിയത്.

pathram:
Leave a Comment